കടുത്തുരുത്തി: മറ്റു ജില്ലകളിൽനിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി താമസിച്ചു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകാൻശ്രമിച്ചതായുള്ള പരാതിയിൽ മൂന്നു യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്.
ഇയാൾ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണറിയുന്നത്.മറ്റു ജില്ലകളില്‍ നിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്
കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തിരിക്കുന്നത്.
കൂടുതല്‍ അന്വേഷണം വേണമെന്ന്
അതേസമയം, പ്രണയതട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ യുവാക്കളുടെ സംഘം കറങ്ങിനടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇത്തരം സംഭവങ്ങള്‍ പലതവണ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായും അപ്പോഴൊന്നും പോലീസ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ കടുത്തുരുത്തിയില്‍ നിന്നും അരുതാത്ത സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയതോടെ പോലീസ് ശക്തമായി രംഗത്തെത്തി.
രംഗത്തുള്ളത് നിരവധി യുവാക്കള്‍
അതേസമയം കടുത്തുരുത്തി ഉള്‍പ്പെടെ പല സ്ഥലത്തുനിന്നും നാട്ടുകാരുടെ പിടിയിലകപ്പെട്ട പല യുവാക്കളും അറസ്റ്റിലായവരുടെ കൂട്ടത്തിലില്ലെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ പേര് പരാതിയുമായെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 17 ഉം 16 ഉം വയസ് പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്.
മൊഴിയില്‍ കുട്ടികള്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ മാത്രമെ കേസെടുത്തിട്ടുള്ളൂവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഏതാണ്ട് പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
പെണ്‍കുട്ടികള്‍ നല്കിയ ഫോണ്‍ നമ്പരുകളും ഫോട്ടോകളും മറ്റു വിവരങ്ങളും വച്ചാണ് അന്വേഷണം നടന്നത്. പ്രതികളുടെയും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെയും ഫോണ്‍ നമ്പരുകളും ഇവരുടെ വാട്സാപ്പ്, ഫേസ്ബുക്ക് ബന്ധങ്ങളെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ക്കു പ്രാദേശികമായും സഹായം
ഓരോ സ്ഥലത്തും നടക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍പോലും അപ്പോള്‍തന്നെ അറിയാന്‍ പ്രതികള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നു. നിരവധി പെണ്‍കുട്ടികളും ഇത്തരത്തില്‍ പ്രതികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
തിരുനാളുകള്‍, ഉത്സവങ്ങള്‍ തുടങ്ങി പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന അവസരങ്ങളിലെല്ലാം പ്രതികളുടെ കൂട്ടമായുള്ള സാന്നിധ്യം പലയിടത്തും ഉണ്ടായിട്ടുള്ളതായി അന്വേഷണത്തില്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഏറെ ഗൗരവമുള്ള വിവരങ്ങളാണ് പെണ്‍കുട്ടികളില്‍ നിന്നും പോലീസിന് ലഭിച്ചത്. പ്രാദേശികമായും പ്രതികള്‍ക്ക് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രണയത്തില്‍ വീഴ്ത്തുന്ന പെണ്‍കുട്ടികള്‍ തങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാനുള്ള കെണികളും ഇവര്‍ ഒരുക്കിയിരുന്നു.