സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ വാഗ്ദാനമായ ബി. സായ് പ്രണീത് തന്റെ കന്നി സൂപ്പര്‍ സീരീസില്‍ മുത്തമിട്ടു. ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ പുരുഷ സിംഗിള്‍സില്‍ സ്വന്തം നാട്ടുകാരന് കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് പ്രണീത് കന്നി സൂപ്പര്‍ സീരീസ് ചൂടിയത്.
ലോക 30 റാങ്കുകാരനായ പ്രണീത് കഴിഞ്ഞ വര്‍ഷം കാനഡ ഓപ്പണ്‍ ഗ്രാൻപ്രീയില്‍ ചാമ്പ്യനായിരുന്നു. ജനുവരിയില്‍ നടന്ന സയീദ് മോദി ഗ്രാന്‍പ്രീ ഗോള്‍ഡ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഫൈനലില്‍ ശ്രീകാന്തിന്റെ ആക്രമണ ബാഡ്മിന്റണെ കവിഞ്ഞു നിന്ന പ്രകടനം നടത്തിയ പ്രണീത് മൂന്നു ഗെയിമുകള്‍ക്കു കന്നി സൂപ്പര്‍ സീരീസ് മുത്തമിട്ടു. 17-21, 21-17, 21-12നായിരുന്നു ലോക 30-ാം റാങ്കുകാരന്റെ ജയം.
ദിവസവും ഒരുമിച്ചു മത്സരിക്കുന്ന ഒരാള്‍ക്കെതിരേ മത്സരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുടനീളം പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണ്. ഇവിടെയുള്ള ഇന്ത്യക്കാര്‍ നല്കിയ പിന്തുണയും വളരെ നല്ലതായിരുന്നു -വിജയശേഷം പ്രണീത് പറഞ്ഞു. 54 മിനിറ്റാണ് മത്സരം നീണ്ടത്.
അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ ഇന്ത്യക്കാര്‍ ഏറ്റുമുട്ടുന്നത്.
ഗോപിചന്ദ് അക്കാഡമിയില്‍ ഒരുമിച്ചു കളിക്കുന്ന ഇരുവരുടെയും കുറവുകളും കഴിവുകളും അറിഞ്ഞു കൊണ്ടു നേരിട്ടപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. ആദ്യ ഗെയിമില്‍ പോയിന്റ് നേടാനായി ശ്രീകാന്ത് കോണുകളാണ് കേന്ദ്രീകരിച്ചത്.
ഒപ്പം കൃത്യതയുള്ള സ്മാഷും ശ്രീകാന്തിനു പോയിന്റ് നല്കി. റിട്ടേണുകളിലും ലോക 29-ാം റാങ്ക് പോയിന്റ് സ്കോര്‍ ചെയ്തു. കൂട്ടുകാരനെതിരേ വ്യക്തമായ ആധിപത്യം നേടാന്‍ ശ്രീകാന്തിനായി.
ആദ്യ ഗെയിമില്‍ നീണ്ട റാലികള്‍ ഇരുവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. കൂടാതെ വേഗത്തിലൂടെയും വൈവധ്യമാര്‍ന്ന സ്ട്രോക്കുകളിലൂടെയും ഇരുവരും നിറഞ്ഞു. മികച്ചൊരു ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ ഇടവേളയില്‍ ശ്രീകാന്ത് 11-7ന് മുന്നിലെത്തി. ഇടവേളയ്ക്കുശേഷം പ്രണീത് പോയിന്റുകള്‍ സ്കോര്‍ ചെയ്തു ശ്രീകാന്തിനടുത്തെത്തി. പിന്നീട് അധികം പോയിന്റ് വിട്ടുകൊടുക്കാതെ ശ്രീകാന്ത് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ശ്രീകാന്ത് വേഗം സ്കോര്‍ ചെയ്ത് ലീഡ് 4-1 ആക്കി. പ്രണീതും വൈകിച്ചില്ല 7-7 ഒപ്പത്തിനൊപ്പമെത്തി. ഒപ്പത്തിനൊപ്പം പോരാടിയ ഇരുവരും 10-10ലുമെത്തി. ശ്രീകാന്തിന്റെ റിട്ടേണ്‍ പുറത്തായതോടെ പ്രണീത് ഒരു പോയിന്റ് ലീഡ് നേടി. ഇടവേളയ്ക്കുശേഷം പ്രണീത് ആധിപത്യം സ്ഥാപിച്ചു. ശ്രീകാന്ത് സര്‍വീസില്‍ വരുത്തിയ പിഴവ് പ്രണീതിന് 20-17ന്റെ ലീഡ് നല്കി. അവസാന ശ്രീകാന്തിന്റെ അടി പുറത്തേക്കു പോയതോടെ പ്രണീത് രണ്ടാം ഗെയിം പിടിച്ചു.
നിര്‍ണായകമായ ഗെയിമില്‍ പ്രണീത് തുടക്കത്തിലേ താളം പിടിച്ചു. 7-3ന് ലീഡില്‍നിന്ന് പ്രണീത് ഇടവേളയിലെത്തിയപ്പോള്‍ 11-5ന്റെ ലീഡിലേക്കു നീങ്ങി. മികച്ചൊരു സ്മാഷിലൂടെയാണ് ലീഡ് സ്വന്തമാക്കിയത്.
കോര്‍ട്ട് മാറ്റവും പ്രണീതിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയില്ല. സ്ട്രോക്കുകളിലൂടെയും നെറ്റിനരുകിലെ കളികളിലൂടെയും ശ്രീകാന്തിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. 19-12ലീഡിലെത്തിയപ്പോള് ശ്രീകാന്തിന്റെ അടി പുറത്തേക്കു പോയത് പ്രണീതിനു മാച്ച് പോയിന്റിനരുകിലെത്തിച്ചു. അടുത്ത അടിയും ശ്രീകാന്തിനു പിഴച്ചു അതും വെളിയിലേക്ക്. ഇതോടെ പ്രണീത് മാച്ച് പോയിന്റും കിരീടവും സ്വന്തമാക്കി.