പ്രണയദിനത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥിനികളെ കൊണ്ട് പ്രണയിക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ച് കോളജ് അധ്യാപകർ. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ മഹിള കല വാണിജ്യ മഹാവിദ്യാലയത്തിലാണ് സംഭവം.
വിദ്യാര്‍ഥിനികളെ കൊണ്ട് പറയിപ്പിച്ച പ്രതിജ്ഞയിങ്ങനെ. “രക്ഷിതാക്കളില്‍ പരിപൂര്‍ണ വിശ്വാസമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയിക്കുകയോ പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല’.
“സ്ത്രീധനം ആവശ്യപ്പെടുന്നവരെയും ഞാന്‍ വിവാഹം ചെയ്യില്ല. സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഭാവിയിലെ ഒരു അമ്മയെന്ന നിലയില്‍ മാതാപിതാക്കൾ സ്ത്രീധനം നല്കി എന്നെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ തന്നെയും എന്റെ മരുമകളുടെ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ സ്ത്രീധനം സ്വീകരിക്കുകയില്ല.
എന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനം നല്കുകയുമില്ല. ദൃഢവും ആരോഗ്യപരവുമായ ഇന്ത്യക്ക് വേണ്ടി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’.
ഏകദേശം 40 വിദ്യാര്‍ഥിനികളെ കൊണ്ട് എന്‍എസ്എസ് ക്യാമ്പിനിടെയാണ് പ്രതിജ്ഞ ചെയ്യിച്ചത്. വിദ്യാര്‍ഥിനികളെ ആരെയും നിര്‍ബന്ധിച്ചില്ലെന്നും അവരുടെ സമ്മതത്തോടെ തന്നെയാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചതെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.