ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും സായ്പ്രണീതും രണ്ടാം റൗണ്ടിൽ. വനിതാ ഡബിൾസിൽ മേഘ്ന-പൂർവിഷ എസ്. റാം ജോഡിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ ഫിൻലൻഡിന്റെ ഈറ്റു ഹെയ്നോയെ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് പ്രണോയ് തോൽപിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമാണ് പ്രണോയ് ഉജ്വലമായി തിരിച്ചുവന്നത്. സ്കോർ: 17-21, 21-10, 21-11. പതിനാറാം സീഡായ സായ് പ്രണീത് കാനഡയുടെ ജേസണ്‍ ആന്റണി ഹോ ഷ്യുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-17, 21-16.
വനിതാ ഡബിൾസിൽ മേഘ്നയും പൂർവിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോർലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. 21-10, 21-18നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം.