പള്ളുരുത്തി: ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന പത്തു മാസം പ്രായമുള്ള പ്രാർഥന അഖിലിന്റെ ചികിത്സാ ചെലവിനായി യൂത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 11 സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി.കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽനിന്ന് ആലുവ, ഫോർട്ടുകൊച്ചി, കാക്കനാട്, ചിറ്റൂർ, ഐലൻഡ് പ്രദേശങ്ങളിലേക്കാണ് കാരുണ്യയാത്ര നടത്തിയത്.
പ്രാർഥനയുടെ പിതാവ് അഖിൽ യൂത്ത് ഗ്രൂപ്പിന്റെ ബസിൽ കണ്ടക്ടറായാണ് ജോലി നോക്കുന്നത്. അഖിലിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി ബസുകൾ കാരുണ്യയാത്രയ്ക്കായി ഇറക്കുകയായിരുന്നുവെന്ന് ഉടമ നിധിൻ പറഞ്ഞു. ബസിലെ തൊഴിലാളികൾ ബാഗിനു പകരം ബക്കറ്റ് എടുത്തു യാത്രക്കാർക്ക് മുന്നിലേയ്ക്കെത്തിയതോടെ കൂടുതൽ തുക നൽകി യാത്രക്കാർ സഹജീവി സ്നേഹത്തിനു മാതൃകയായി.
ബസുകളിൽനിന്ന് ഇന്നലെ ലഭിച്ച മുഴുവൻ തുകയും ചികിത്സാ സമിതിക്കു കൈമാറുമെന്ന് ബസുടമ അറിയിച്ചു. പെരുമ്പടപ്പ് ബസ്സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച കാരുണ്യയാത്ര നഗരസഭാംഗം കെ.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ നിധി വൈസ് ചെയർമാൻ പി.എസ്. വിജു, ട്രഷറർ കെ.കെ. റോഷൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.