കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത ദമ്പതിമാര്‍ ലക്ഷ്യമിട്ടത് പെണ്‍വാണിഭത്തിന്.
ഇവര്‍ നടത്തിയിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനം വഴി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പരാതി നല്കിയ രണ്ട് പെണ്‍കുട്ടികളും ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു.
പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് പരാതിക്കാരികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് പിന്നില്‍.
തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കേന്ദ്രമായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിവരുന്നവരാണ് ഇരുവരും. സ്ഥാപനം ഏറ്റെടുത്തു നടത്തുന്ന പരിപാടികള്‍ക്ക് പുറമേ മറ്റ് കല്യാണ പരിപാടികളിലേക്കും ഇവന്റുകളിലേക്കും പെണ്‍കുട്ടികളെ റിസപ്ഷനിസ്റ്റുകളായും ആങ്കര്‍മാരായും സ്ഥാപനം വഴി ഇവര്‍ നല്കുന്നുണ്ടായിരുന്നു.
അത്തരത്തില്‍ സ്ഥാപനവുമായി സഹകരിച്ച് പോന്നിരുന്നവരായിരുന്നു പരാതിക്കാരികള്‍.
പലതിനും നിർബന്ധിച്ചു
ഇവന്റ് മാനേജ്മെന്റ് ജോലിക്ക് പുറമേ മറ്റു പലതിനും നിര്‍ബന്ധിച്ചതിനെ എതിര്‍ത്തതാണ് ഇരുവര്‍ക്കും പരാതിക്കാരികളോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണം.
സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് നല്കിയ പണം പ്രതികള്‍ തിരികെ ആവശ്യപ്പെട്ടതു നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ഏതുവിധേയനെയും പണം പിടിച്ചുവാങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചു.
അതിനുവേണ്ടി തക്ക അവസരം ഇവര്‍ കാത്തിരുന്നു. അങ്ങനെ കഴിഞ്ഞ ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് പരാതിക്കാരിയായ ഒരാളെ വിളിച്ചു വരുത്തുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ചെയ്തു.
ശേഷം മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന ഒന്നേകാല്‍ പവന് സ്വര്‍ണമാലയും, ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ച്ച ചെയ്തു.
പെണ്‍കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളൊഴിഞ്ഞ് സ്ഥലത്ത് ഇറക്കി വിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി പാലാരിവട്ടം പോലീസില്‍ പരാതി നല്കി.
വാഹനത്തിൽ കയറ്റി കവർച്ച
ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരിയായ മറ്റൊരു പെണ്‍കുട്ടിയെ പ്രതികള്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയത്. വൈറ്റില ഹബ്ബില്‍ വച്ചായിരുന്നു സംഭവം.
പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിച്ച് പെണ്‍കുട്ടിയുടെ ബാഗിലുണ്ടായിരുന്ന 20,000 രൂപ കവര്‍ച്ച ചെയ്തു. ശേഷം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു.
എറണാകുളം എസിപി ബി. ഗോപകുമാറിന്റെ നിര്‍ദേശാനുസരണം പാലാരിവട്ടം ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ്, എസ്ഐമാരായ കെ.ബി. സാബു, സുരേഷ്, അനില്‍കുമാര്‍, സിപിഒ മാഹിന്‍, വനിതാ സിപിഓമാരായ സിജി വിജയന്, ബിവാത്തു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ ഏരൂര്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതി ടാക്സി ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.