അടുത്തകാലം വരെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഒരു വാക്കാണ്, മലയാളികളെ സംബന്ധിച്ചിടത്തോളം ദുരഭിമാനക്കൊല എന്നത്. എന്നാലിപ്പോള്‍ വളരെ ചെറിയ ഇടവേളകളില്‍ ഞെട്ടലുളവാക്കുന്ന രീതിയില്‍ കേരളത്തിലും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോ സംഭവും ഓര്‍മ്മയാകുന്നത്, അനേകരുടെ കണ്ണീരിലുമാണ്.
ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ തല്ലിക്കൊല്ലുകയും ഒരു പെണ്‍കുട്ടിയുടെ ജീവിതവും ഇഷ്ടങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവമാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. മകളോടുള്ള സ്‌നേഹം കൊണ്ട് എന്നതിന്റെ മറവില്‍ ഇത്രയും വലിയ ക്രൂരത എങ്ങനെ മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു എന്ന് ചോദ്യമാണ് പലരും ചോദിക്കുന്നത്.
ഇത്തരം ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കേ, പ്രസാദ് കെജി എന്ന അച്ഛന്‍ തന്റെ മകള്‍ ഹരിത പുഷ്പ പ്രസാദിന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തംരഗമായി മാറുകയാണ്. 23 വയസുളള പെണ്ണിന്റെ തന്തയാണ് ഞാന്‍ എന്ന് ധൈര്യത്തോടെ പറയുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് സമൂഹമാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു.
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണെന്നും തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടതെന്നും ഈ അച്ഛന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വ്യത്യസ്തമായ പല അഭിപ്രായങ്ങളും ഇദ്ദേഹത്തിന് മറുപടിയായി ലഭിക്കുന്നുമുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍ .ധൈര്യത്തോടെ പറയുന്നു .
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.
ഒരു കാര്യത്തില്‍ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാന്‍. അതിനുള്ള സഹായം ചെയ്തുകൊടുക്കല്‍ ഒരു പിതൃ നിര്‍വഹണമാണ്. ഞാനതു ചെയ്യാന്‍ ബാധ്യത പേറുന്ന മകള്‍ സ്‌നേഹി .