കിടങ്ങൂർ: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി.
കിടങ്ങൂർ മംഗളാരം പള്ളിക്കുസമീപം കാഞ്ഞിരക്കാട്ട് പ്രസാദി (20)നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയും മുന്‍പ് വിവിധ കേസുകളിൽ പ്രതിയായി തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് നിലവിൽ ലഹരിയ്ക്ക് അടിമയാണ്.
ലഹരിയുടെ വീര്യത്തിൽ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് അക്രമ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ഇയാളുടെ പതിവ്.
മുൻപരിചയമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചെങ്കിലും വയോധിക എതിർത്തതോടെ യുവാവ് കടന്നുകളഞ്ഞു.
ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ വയോധിക പിന്നീട് ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കിടങ്ങൂർ എസ്ഐ കുര്യൻ മാത്യു, എഎസ്ഐ ബിജു ചെറിയാൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ആഷ ചാക്കോ, സിനിമോൾ, സുനിൽ കുമാർ, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘം രാത്രിയിൽത്തന്നെ നടത്തിയ തെരച്ചിലിനൊടുവിലാണ് ഒളിസ്ഥലത്തുനിന്നും യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.