ആലുവ: നഷ്ടപ്പെട്ട രണ്ട് ലക്ഷത്തിലധികം രൂപയും ചെക്കുലീഫുകളും യുവാവിന്റെ സത്യസന്ധത മൂലം ഉടമസ്ഥന് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു. കുന്നത്തേരി ചേലക്കാട്ട് വീട്ടിൽ സി.എസ്. പ്രസാദിനാണ് 2,13,460 രൂപയും ചെക്ക് ലീഫുകളുമടങ്ങിയ പൊതി റോഡിൽ കിടന്ന് ലഭിച്ചത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ സാബുവാണ് ഉടമയെ കണ്ടെത്തിയത്. അന്വേഷണത്തിൽ കുന്നത്തേരി പനയപ്പിള്ളി പി.എം. അബൂബക്കർ ഹാജിയുടെ വാഹനത്തിൽനിന്നാണ് നഷ്ടമായതെന്നു തിരിച്ചറിയുകയായിരുന്നു.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് സബ് ഇൻസ്പെക്ടർ അരുണിന്റെ സാന്നിധ്യത്തിൽ പ്രസാദ് പണവും ചെക്ക് ലീഫുകളും തിരികെ നൽകി.