തിരുവനന്തപുരം: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. പേട്ട പുള്ളി ലൈനിലായിരുന്നു അപകടം. വഴിയാത്രക്കാരും പേട്ട സ്വദേശികളുമായ രാധാകൃഷ്ണൻ (70) പ്രസന്നകുമാരി (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
റോഡിലെ വെള്ളക്കെട്ടിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് കിടക്കുകയായിരുന്നു. ഇതറിയാതെ അതുവഴി കടന്ന് വരികയായിരുന്ന ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. രാധാകൃഷ്ണൻ സമീപത്തെ ഒരു ക്ഷേത്രത്തിലെ ജോലിക്ക് പോകുകയായിരുന്നു. പ്രസന്നകുമാരി ഒരു വീട്ടിൽ വീട്ടു ജോലിക്കും പോകവെയായിരുന്നു അപകടം.
രാവിലെ പത്രവിതരണം നടത്താൻ അതുവഴി വരികയായിരുന്ന യുവാവാണ് ഇരുവരും ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. യുവാവിനും നേരിയ തോതിൽ ഷോക്കേറ്റു. ലൈൻ പൊട്ടി വീണ് അപകടം ഉണ്ടായ വിവരം പത്രവിതരണക്കാരനായ യുവാവ് നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴും ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു.
തുടർന്ന് കെഎസ്ഇബി അധികൃതരുടെ സഹായത്തോടെ ലൈൻ ഓഫാക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും അപകടസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരണമടഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഇളങ്കോ, പേട്ട സിഐ. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ു