പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചതുകൊണ്ടോ ഭക്ഷണം കഴിച്ചതുകൊണ്ടോ ബിജെപിയെ തോൽപ്പിക്കാനാകില്ലെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങൾ ഒന്നിക്കണമെന്നും രാഷ്ട്രീയ തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ പ്രശാന്ത് കിഷോർ.
ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷം ഈ രീതിയിൽ പോയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് പ്രശാന്ത് കിഷോർ സൂചന നൽകിയത്.
ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ബിജെപിയുടെ ശക്തി മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഇവ മൂന്നുമാണ് ബിജെപിയെ താങ്ങി നിർത്തുന്ന തൂണുകൾ.
ഇതിൽ രണ്ടെണ്ണെങ്കിലും തകർക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് ബിജെപിയെ തോൽപ്പിക്കാൻ കഴിയുകയുള്ളൂവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയ ശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കരുത്.
പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണവും ചായ കുടിക്കാനും ക്ഷണിക്കുന്നു. എന്നാൽ പ്രത്യയശാസ്ത്രപരമായ സഖ്യം രൂപീകരിച്ചില്ലെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല- പ്രശാന്ത് കിഷോർ പറയുന്നു.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയേയും പ്രശാന്ത് കിഷോർ വിമർശിച്ചു. ആറ്മാസത്തെ യാത്രക്ക് ശേഷം പാർട്ടിയിൽ എന്ത് മാറ്റം വന്നു?
വെറുതെ കുറേ നടന്നിട്ട് കാര്യമില്ല. അതിലുണ്ടായ ചെറിയ വ്യത്യാസം പോലും വോട്ടാക്കി മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് ലക്ഷ്യമിട്ടത് തെരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നുവെന്നും അതുകൊണ്ടാണ് ലോക്സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തതിൽ നിന്ന് പിന്മാറിയതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.