കുറവുകളോ..? കളയാന്‍ സമയമില്ല, പ്ലീസ്! ഓര്‍മശക്തിയിലൂടെ വൈകല്യങ്ങളെ തോല്‍പിച്ചു വിസ്മയം തീര്‍ക്കുന്ന പ്രശാന്ത് ഇന്ന് രാജ്യത്തിനു തന്നെ അഭിമാനം

sd5_stil1_11122016

എന്റെ കുറവുകളെയോര്‍ത്ത് സമയം കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പോരാട്ടങ്ങളിലൂടെ ഞാന്‍ എന്റെ ജീവിതത്തെ ആഘോഷിക്കുന്നു…’’ കരമന തളിയില്‍ ഡിബി സ്ട്രീറ്റില്‍ പ്രശാന്തത്തില്‍ ചന്ദ്രന്റെയും സുഹിതയുടെയും മകനായ പ്രശാന്ത് തന്റെ ബ്ലോഗ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓര്‍മശക്തിയിലൂടെ വൈകല്യങ്ങളെ തോല്‍പിച്ചു വിസ്മയം തീര്‍ക്കുന്ന പ്രശാന്ത് ഇന്ന് രാജ്യത്തിനു തന്നെ അഭിമാനം. അതുകൊണ്ടുതന്നെയാണ് ഭിന്നശേഷിക്കാരില്‍ വിഭിന്നനായ പ്രശാന്തിനെ രാജ്യം ആദരിച്ചത്. നാഷണല്‍ അവാര്‍ഡ് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത് ഡിസബിലിറ്റീസ് രാഷ്ര്ടപതി പ്രണാബ് മുഖര്‍ജിയില്‍ നിന്നും കഴിഞ്ഞയാഴ്ച പ്രശാന്ത് ഏറ്റുവാങ്ങി.

കുട്ടിക്കാലം മുതല്‍ പ്രശാന്ത് നേരിട്ട വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ പ്രശാന്തിനു മുന്നില്‍ വെല്ലുവിളികള്‍ ഓരോന്നായി കീഴടങ്ങുന്നതാണ് പിന്നീട് ലോകം കണ്ടത്. മാതാപിതാക്കള്‍ നല്‍കിയ പ്ലാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളും പ്രശാന്തിന്റെ കളിക്കൂട്ടുകാരായപ്പോള്‍ അക്കങ്ങളോടും സംഗീതത്തോടുമായിരുന്നു പ്രശാന്തിന് താല്‍പര്യം. ആ താല്‍പര്യം പ്രശാന്തിനായി കാത്തുവച്ചത് കഴിവിന്റെ മറ്റൊരു ലോകമായിരുന്നു, മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത വിസ്മയങ്ങളുടെ ലോകം.

ശാരീരിക വെല്ലുവിളികളുമായി പിറന്ന പ്രശാന്ത് ചുവടുവച്ചത് അതിജീവനത്തിന്റെ പാതകളിലൂടെയായിരുന്നു. ജന്മനാ കണ്ണിനും മൂക്കിനുമൊക്കെ ചെറിയ പോരായ്മകള്‍. കുഞ്ഞുന്നാളില്‍ത്തന്നെ മറ്റു ചില വൈകല്യങ്ങള്‍ കൂടിയുണ്ടെന്നു മനസിലാക്കിയപ്പോള്‍ മാതാപിതാക്കള്‍ അതീവ ദുഃഖിതരായി. പ്രശാന്തിന്റെ ന്യൂനതകള്‍ മനസിലാക്കിയ മാതാപിതാക്കള്‍ക്ക് പ്രശാന്തിന്റെ ഭാവിയെക്കുറിച്ച് ചെറുപ്പം മുതല്‍ ആകുലതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിമാനമായി പ്രശാന്ത് മാറി. ഓര്‍മശക്തി, കണക്കില്‍ കാട്ടുന്ന വേഗം, കീബോര്‍ഡ് വായിക്കാനുള്ള കഴിവ്, ഒരിക്കല്‍ ഓര്‍മയിലെത്തുന്നതെന്തും പിന്നീട് അതേ രീതിയില്‍ ഓര്‍മിച്ചെടുക്കാനുള്ള ശക്തി എന്നിവയൊക്കെ പ്രശാന്തിനെ വേറിട്ടുനിര്‍ത്തി.

55 ശതമാനം മാനസികവെല്ലുവിളി നേരിടുന്ന പ്രശാന്തിന് കേഴ്വിക്കുറവും സംസാര വൈകല്യവും 100 ശതമാനം കാഴ്ചക്കുറവുമുണ്ടെന്നാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ശാരീരിക ന്യൂനതകള്‍ വേറെയും. എന്നാല്‍ അകക്കണ്ണിലൂടെയും ഉള്‍ക്കരുത്തിലൂടെയും പ്രശാന്ത് എല്ലാം കാണുന്നു, കേള്‍ക്കുന്നു, ഓര്‍മിക്കുന്നു. നിരവധി ശാരീരിക വെല്ലുവിളകള്‍ തടസം നിന്നപ്പോഴും പ്രശാന്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ആര്‍ക്കും തോല്‍പിക്കാനായില്ല. ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ കുട്ടിക്കാലം മുതല്‍ പ്രശാന്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ആദ്യം സംഗീതലോകത്തേക്കായിരുന്നു പ്രശാന്തിന്റെ ശ്രദ്ധ. അങ്ങനെ കീബോര്‍ഡില്‍ പ്രാഗത്ഭ്യം നേടി. പിന്നീടു കംപ്യൂട്ടറായി ഹരം. സഹോദരി പ്രിയങ്കയുടെ മൊബൈല്‍ ഫോണില്‍ 150 വര്‍ഷത്തെ കലണ്ടര്‍ കണ്ടതോടെ തീയതികളെ മനപാഠമാക്കാനുള്ള ശ്രമമായി. 2015ന് പിന്നിലേക്കുള്ള മൂന്നു വര്‍ഷത്തെ ഏതു തീയതി പറഞ്ഞാലും കൃത്യമായി ദിവസം ഏതെന്നു പറയുന്ന തരത്തിലായിരുന്നു പ്രശാന്ത് തന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. പിന്നീട് രണ്ടായിരം വര്‍ഷത്തെ കലണ്ടര്‍ ഹൃദിസ്ഥമാക്കി. അതിനുശേഷമാണ് 10,000 വര്‍ഷത്തെ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്ത് മാതാപിതാക്കള്‍ പ്രശാന്തിനു കൊടുത്തത്. അതു മനഃപാഠമാക്കാനും അധികസമയം വേണ്ടിവന്നില്ല.

ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്
sd5_stil3_11122016
പതിനായിരം വര്‍ഷത്തെ കലണ്ടര്‍ മനഃപാഠമാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ പ്രശാന്ത് ഇടം നേടുന്നത്. കഴിഞ്ഞ ജൂണ്‍ ഏഴിന് തിരുവനന്തപുരത്തെ എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലില്‍ ആയിരുന്നു പ്രശാന്തിന്റെ പ്രകടനം. 01–01–01 മുതല്‍ 01–01–10000 വരെയുള്ള 10000 വര്‍ഷത്തെ കലണ്ടര്‍ ആയിരുന്നു പ്രശാന്ത് മനഃപാഠമാക്കിയത്. ഇതിനിടെയുള്ള ഏതു തീയതി പറഞ്ഞാലും പ്രശാന്ത് കൃത്യമായി അത് ഏതു ദിവസമാണെന്നു പറയും. പതിനായിരം വര്‍ഷത്തിനിടയ്ക്കുള്ള 10 ദിവസത്തെ തീയതികള്‍ ആണ് മത്സരത്തിനായി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് പ്രതിനിധികള്‍ പ്രശാന്തിന് നല്‍കിയത്.

1567 മേയ് 30 ഏത് ദിവസമാണെന്ന ചോദ്യത്തിന് ചൊവ്വ എന്നും 2467 നവംബര്‍ 23 ഏത് ദിവസമാണെന്ന ചോദ്യത്തിന് ബുധന്‍ എന്നും പ്രശാന്ത് മറുപടിയായി ബോര്‍ഡില്‍ കുറിച്ചു. ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് പ്രതിനിധികളായി മന്‍മോഹന്‍ സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം വിലയിരുത്തുന്നതിനായി എത്തിയത്. പ്രകടനത്തിനുശേഷം പ്രശാന്തിന്റെ കഴിവുകള്‍ അംഗീകരിക്കുന്നതായി മന്‍മോഹന്‍ സിംഗ് റാവത്ത് പറഞ്ഞു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രശാന്തിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ് പുരസ്കാരം സമ്മാനിച്ചു.

ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്

ഒരു ലക്ഷം വര്‍ഷത്തെ കലണ്ടര്‍, തീയതിയും ദിവസവും തെറ്റാതെ മനഃപാഠമാക്കിയാണ് പ്രശാന്ത് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയത്. പ്രശാന്തിന്റെ വിസ്മയപ്രതിഭയളക്കുന്നതിന് കഴിഞ്ഞ ജൂലൈ 28ന് തലസ്ഥാനത്തെ ഹൈസിന്ത് ഹോട്ടലില്‍ ആയിരുന്നു ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ പരിപാടി സംഘടിപ്പിച്ചത്. 0001 ജനുവരി ഒന്നുമുതല്‍ 100000 ജനുവരി ഒന്നുവരെയുള്ള ഒരു ലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനഃപാഠമാക്കിയായിരുന്നു പ്രശാന്ത് മത്സരത്തിനെത്തിയത്.

മൂന്നു ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്. 18 ചോദ്യങ്ങള്‍ക്കാണ് പ്രശാന്ത് മറുപടി നല്‍കിയത്. ആദ്യഘട്ടത്തിലെ ആറു ചോദ്യങ്ങള്‍ക്ക് ഒരു മിനിറ്റ് അഞ്ച് സെക്കന്‍ഡും രണ്ടാം ഘട്ടത്തിലെ ആറ് ചോദ്യങ്ങള്‍ക്ക് ഒരു മിനിറ്റുമെടുത്ത് പ്രശാന്ത് മറുപടി നല്‍കി. എന്നാല്‍ മൂന്നാം ഘട്ടത്തിലെ ആറു ചോദ്യങ്ങള്‍ക്ക് പ്രശാന്ത് 45 സെക്കന്‍ഡു കൊണ്ട് മറുപടി പറഞ്ഞു. മൂന്നാംഘട്ടത്തിലെ ഈ പ്രകടനമാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിക്കുന്നതിന് പ്രശാന്തിനെ അര്‍ഹനാക്കിയത്. 24–06–2674 ഏത് ദിവസമാണെന്ന ചോദ്യത്തിന് ബുധന്‍ എന്ന് പ്രശാന്ത് മറുപടി നല്‍കി. 19–07–5689 ചൊവ്വ എന്നും 24–03–8934 ബുധന്‍ എന്നും പ്രശാന്ത് മറുപടി നല്‍കി. തുടര്‍ച്ചയായുള്ള ആറു ചോദ്യങ്ങള്‍ക്കും പ്രശാന്ത് നല്‍കിയത് ശരിയുത്തരമായിരുന്നു. ഇതോടെ ഏഷ്യാ ബുക്ക്‌സ് ഓഫ് റിക്കാര്‍ഡ്‌സ് പ്രതിനിധി ഫ്രാങ്ക്‌ളിന്‍ ഹെര്‍ട്ട് പ്രശാന്തിന്റേത് റിക്കാര്‍ഡ് ആണെന്നു പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നൂറുള്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ–ചാന്‍സലര്‍ എം.എസ്.ഫൈസല്‍ഖാന്‍ തുടങ്ങിയവരൊക്കെ പ്രശാന്തിന്റെ പ്രകടനത്തിന് സാക്ഷികളായി.

പ്രശാന്തമായ പ്രതിഭ

മൂന്നു വര്‍ഷത്തെ കലണ്ടര്‍ മനഃപാഠമാക്കി പരീക്ഷണങ്ങള്‍ ആരംഭിച്ച പ്രശാന്തിന് ഇന്ന് 10 കോടി വര്‍ഷത്തെ കലണ്ടര്‍ മനഃപാഠമാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവു വിലയിരുത്താന്‍ കളേഴ്‌സ് ചാനല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ടാലന്റ് മത്സരത്തിലെ ആദ്യ ഒഡീഷന്‍ റൗണ്ടില്‍ കേരളത്തില്‍നിന്നു വിജയിച്ച ഒരേയൊരാള്‍ പ്രശാന്തായിരുന്നു. ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് അഭിമാനകരമായ ഓര്‍മയായി പ്രശാന്ത് ഇന്നും മനസില്‍ സൂക്ഷിക്കുന്നു. ഇതിനു പുറമേ അന്തരീക്ഷ ഊഷ്മാവ് യന്ത്രസഹായമില്ലാതെ മനസിലാക്കുന്നതിനുള്ള കഴിവും പ്രശാന്തിനുണ്ട്. ശീതീകരിച്ച മുറിയിലും തുറസായ സ്ഥലത്തുമെല്ലാം എത്ര ഡിഗ്രി ചൂടുണ്ടെന്ന് പ്രശാന്ത് കൃത്യമായി പറയും.

സംഗീത ലോകത്തേക്ക്

കുറച്ച് വര്‍ഷങ്ങള്‍ക്കു മന്‍പ് അച്ഛന്‍ സമ്മാനമായി നല്‍കിയ ഒരു കൊച്ചു കീബോര്‍ഡാണ് പ്രശാന്തിനെ സംഗീത ലോകത്തെത്തിച്ചത്. കീബോര്‍ഡിനോടുള്ള പ്രശാന്തിന്റെ താത്പര്യം കണ്ട് മാതാപിതാക്കള്‍ പിന്നീട് പ്രശാന്തിനെ കീബോര്‍ഡ് പഠിക്കാനായി ചേര്‍ത്തു. മങ്ങിയ കാഴ്ചയില്‍ മനസില്‍ പതിഞ്ഞ നോട്‌സുകളൊന്നും പെട്ടെന്ന് മായുന്നതായിരുന്നില്ല. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍ പ്രശാന്തിന്റെ കൈവിരലുകള്‍ കീ ബോര്‍ഡില്‍നിന്ന് അനായാസം മാസ്മരിക സംഗീതം പൊഴിച്ചുതുടങ്ങി. പിന്നീട് മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സ്വന്തം കീബോര്‍ഡില്‍ വായിക്കാന്‍ പ്രശാന്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

അംഗീകാരങ്ങള്‍
sd5_stil2_11122016
യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം നാഷണല്‍ അവാര്‍ഡ് ആന്‍ഡ് ഹോള്‍ ഓഫ് ഫെയിം അവാര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ 140ഓളം അവാര്‍ഡുകളാണ് പ്രശാന്തിനെ തേടിയെത്തിയിട്ടുള്ളത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം പടിക്കുകയാണ് പ്രശാന്തിന്റെ അടുത്ത ലക്ഷ്യം.

ഭക്ഷണം

ഭക്ഷണ കാര്യത്തിലും പ്രശാന്തിന്റെ ശീലങ്ങള്‍ വ്യത്യസ്തമാണ്. പാലും പഴവും ചോറും മാത്രമാണ് പ്രശാന്തിന്റെ ഭക്ഷണം. ചോറും പാലും പഴവും ചേര്‍ത്ത് ഉരുളകളാക്കി മാതാപിതാക്കള്‍ വയ്ക്കും. ഇത് വായിലേക്ക് എടുത്തിടുകയാണ് പ്രശാന്തിന്റെ രീതി.

കുട്ടിക്കാലം മുതല്‍ പ്രശാന്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കുന്നതിന് ദീപിക എന്നും ഒപ്പമുണ്ടായിരുന്നു. ബാലസഖ്യത്തിന്റെ പരിപടികളില്‍ പ്രശാന്തിന് നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതിന് ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ അവസരം നല്‍കി. നിരവധി സ്കൂളുകളില്‍ സംഗീത പരിപാടികളും പ്രോഗ്രാമുകളും അവതരിപ്പിക്കുന്നതിനും ദീപിക അവസരമൊരുക്കി. തുടര്‍ന്നുള്ള പ്രശാന്തിന്റെ ഓരോ ചുവടുകള്‍ക്കും പിന്തുണയും പ്രോത്സാഹനവുമായി ദീപികയും ഒപ്പമുണ്ട്.
വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രീ വൊക്കേഷണറി വിദ്യാഭ്യാസമാണ് 19–കാരനായ പ്രശാന്ത് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കരമനയില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന ചന്ദ്രനാണ് പ്രശാന്തിന്റെ പിതാവ്. അമ്മ സുഹിത വീട്ടമ്മയാണ്. ബിടെക് വിദ്യാര്‍ഥിനിയായ പ്രിയങ്കയാണ് പ്രശാന്തിന്റെ സഹോദരി.

റിച്ചാര്‍ഡ് ജോസഫ്‌

Related posts