വടക്കഞ്ചേരി: മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവഹിച്ചു ക്രമീകരണങ്ങൾ പൂർത്തിയാകും മുന്പേ സൗജന്യ ആംബുലൻസ് ശൃംഖലയായ കനിവ് 108 എന്ന ആധുനിക ആംബുലൻസിലാണ് യുവതി ആണ്കുഞ്ഞിന് ജന്മം നല്കിയത്.
വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് സേവനം ചെയ്യുന്ന 108 ആംബുലൻസിലാണ് സംഭവം. നെന്മായ്ക്കടുത്ത് കൽചാടി ആദിവാസി കോളനിയിലെ രാജേഷിന്റെ ഭാര്യ ബീന (24) യുടെ ആദ്യ പ്രസവമാണ് ആംബുലൻസിലായത്.
ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് ഫോണ് കോൾ വരുന്നത്. ഇതേ തുടർന്ന് ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വാൽകുളന്പ് സ്വദേശിനി ശില്പ കുര്യാക്കോസുമായി ഡ്രൈവർ പാണ്ടാംക്കോട് സ്വദേശി ആഷിഫ് വനത്തോട് ചേർന്നുള്ള കൽചാടി ആദിവാസി കോളനിയിലെത്തി. പ്രസവവേദനയിൽ വിഷമിച്ചിരുന്ന ബീന ജില്ലാ ആശുപത്രിക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ കരിന്പാറ എത്തുന്പോഴേക്കും വേദന കലശമാവുകയും പത്ത് മണിയോടെ പ്രസവം നടക്കുകയും ചെയ്തു.
ഈ സമയം ശില്പയുടെ നേതൃത്വത്തിൽ പ്രാഥമിക പരിചരണം നല്കി ഉടനേ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തി. മാസം തികയാത്ത പ്രസവമായതിനാൽ കൂടുതൽ പരിചരണം വേണമെന്ന നിർദേശത്തെ തുടർന്ന് അമ്മയെയും കുഞ്ഞിനേയും ഇതേ ആംബുലൻസിൽ തന്നെ തൃശുർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോളനിയിലെ എസ് സി പ്രമോട്ടർ മണികണ്ഠനാണ് ആംബുലൻസ് വിളിച്ചത്.
പ്രസവസമയത്ത് ആശാവർക്കർമാരായ മിനിയും സുമയും ആംബുലൻസിൽ ഉണ്ടായിരുന്നു. വടക്കഞ്ചേരിയിൽ ആരംഭിച്ച 108 ആംബുലൻസ് ശൃംഖലയുടെ ഉദ്ഘാടനം ശനിയാഴ്ചയായിരുന്നു മന്ത്രി എ.കെ. ബാലൻ നിർവഹിച്ചത്. വടക്കഞ്ചേരിയിലെ മുപ്പതു കിലോമീറ്റർ ചുറ്റളവിൽ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായാണ് ആംബുലൻസ് സർവീസ് നടത്തുന്നത്.
പാവപ്പെട്ട രോഗികളെ ഉദ്ദേശിച്ചാണ് ഈ സേവനം.108 എന്ന നന്പറിൽ വിളിച്ചാൽ കേന്ദ്രീകൃത സംവിധാനം വഴി മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.