പയ്യന്നൂര്‍: സര്‍ക്കാരിന്റെ 108 ആംബുലന്‍സിലെ ആദ്യപ്രസവം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ്-108 ആംബുലന്‍സില്‍. ബീഹാര്‍ സ്വദേശി പുഷ്പയാണ് ഇന്നലെ ഉച്ചയോടെ ഈ ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട പുഷ്പയുടെ ആരോഗ്യനിലയില്‍ ആശങ്കയുയർന്നതിനെ തുടര്‍ന്നാണ് ഇവരെ ഉടനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കു സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച കനിവ് 108 ആംബുലന്‍സിലായിരുന്നു യാത്ര. ഇതിനിടയിലാണു പിലാത്തറയെത്തിയപ്പോള് പുഷ്പ പ്രസവിച്ചത്.ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് കെ.ജെ സന്തോഷിന്റെയും ഡ്രൈവര്‍ ജിതിന്റെയും ഇടപെടല്‍ പുഷ്പക്കു തുണയായി. ആശുപത്രി നഴ്സിംഗ് രംഗത്തു പത്തുവര്‍ഷത്തെ പരിചയമുള്ള സന്തോഷ് പെരുമ്പടവ് സ്വദേശിയാണ്.
ഡ്രൈവര്‍ ജിതിന് ആലക്കോട് സ്വദേശിയും. എഴിമല നാവിക അക്കാദമീ ഓഫിസറായ പ്രീതയുടെ വീട്ടുവേലക്കാരിയാണു പുഷ്പ. ആംബുലന്‍സില്‍ പ്രീതയുമുണ്ടായിരുന്നതു സന്തോഷിനും ജിതിനും സഹായകവുമായി. ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദിലെ ജിവികെ എമര്‍ജന്‍സി മാനേജ്മെന്റ് ആൻഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണു സന്തോഷും ജിതിനും. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.