കുറവിലങ്ങാട്: ഓട്ടോഡ്രൈവർ അനിൽകുമാറിന് ഈ സംഭവം വിവരിക്കുന്പോൾ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരോട് കടുത്ത പ്രതിഷേധമാണ്. കലശലായ പ്രസവവേദനയാണെന്നും കടത്തിണ്ണയിൽ കിടക്കുന്നവരാണെന്നും കെഞ്ചിപ്പറഞ്ഞിട്ടും ഡോക്ടറോ നഴ്സോ വാതിൽതുറക്കാൻപോലും കൂട്ടാക്കിയില്ലെന്ന് അനിൽകുമാർ പറയുന്നു. ഒരു മനുഷ്യജീവനാണെന്ന് പറഞ്ഞുനോക്കി ഫലമുണ്ടായില്ല.
ഓട്ടോറിക്ഷയിൽ യാത്രക്കാർ കാൽവയ്ക്കുന്ന ചെറിയ ഇടയിൽ കിടന്നാണവർ പ്രസവിച്ചത്. വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ എന്ന ഭയം ഇപ്പോഴും എനിക്കുണ്ട്. ആശുപത്രിയിലെ തറയിലെങ്കിലും കിടക്കാൻ അവർ ഒന്ന് അനുവദിച്ചിരുന്നെങ്കിൽ – അനിൽകുമാർ പറയുന്നു.
ആശുപത്രിയിലെത്തിയപ്പോൾ യുവതിക്ക് പ്രസവത്തിനുള്ള വേദനയാണെന്ന് മനസിലാകാതിരുന്നതിനാലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഗൈനക്ക് വിഭാഗം ഇല്ലെന്ന് മറുപടി നൽകിയതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുള്ളതായും സൂപ്രണ്ട് പറയുന്നുണ്ട്.