കൊച്ചി: പ്രസവിച്ച ഉടനെ കുഞ്ഞിന്റെ മൃതദേഹം യുവതി ഭര്‍ത്താവറിയാതെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ സ്വപ്നയേയും ഭര്‍ത്താവ് പ്രദീപിനെയും പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇരുവരെയും ഇന്നലെ ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. രാവിലെ പത്തോടെ യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്ന തൃപ്പൂണിത്തുറയിലെ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.
തൃപ്പൂണിത്തുറ ചൂരക്കാടാണ് എട്ടുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെ അമ്മ വീട്ടുവളപ്പില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ തൃപ്പൂണിത്തുറ തെക്കുംഭാഗം മേമന റോഡില്‍ പുതിയപറമ്പില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ സ്വപ്നക്കെതിരെ (35) തൃപ്പൂണിത്തുറ പോലീസാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം രക്തസ്രാവവും വയറുവേദനയും കൂടിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍, സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നതായും ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഡോക്ടര്‍മാര്‍ യുവതിയോട് വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചതായും കുട്ടി ക്ലോസറ്റില്‍ വീണതായും യുവതി ആദ്യം പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തപ്പോഴാണ് കുട്ടിയെ കുഴിച്ചുമൂടിയതാണെന്ന് യുവതി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തൃപ്പൂണിത്തുറ സിഐ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസ് ചൂരക്കാടുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി. അഞ്ചും പത്തും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും ഒന്നര വര്‍ഷമായി ഭാര്യയുമായി അടുത്ത ബന്ധമില്ലായിരുന്നതായാണ് പ്രദീപ് പറയുന്നത്.
അതുകൊണ്ടാണ് ഭാര്യ ഗര്‍ഭിണി ആണെന്ന വിവരം അറിയാതിരുന്നത്. രക്തസ്രാവത്തെ തുടര്‍ണാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതും തൈറോയ്ഡ് അസുഖത്തെ തുടര്‍ന്ന് ശരീരം തടിക്കുന്നതായി ഭാര്യ പറഞ്ഞതു മാത്രമാണ് അറിഞ്ഞിരുന്നത്. ഈ അസുഖങ്ങള്‍ക്ക് മരുന്നു വാങ്ങിയിരുന്നതായി ഭര്‍ത്താവ് പ്രദീപ് പറയുന്നു. കുട്ടിയെ കുഴിച്ചിട്ടെന്ന വിവരത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ ഭരതന്, പോലീസ് സര്ജന് ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.