കോട്ടയം: നവജാതശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തി. അവശനിലയിലായ 22 വയസുകാരിയെ പോലീസ് പാലാ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ പോലീസ് നിരീക്ഷണത്തിലാണ്. കിടങ്ങൂർ -മണർകാട് റോഡിൽ മാന്താടികവലയ്ക്കു സമീപമുള്ള മാരിയമ്മൻ കോവിലിനു പുറകുവശത്തുള്ള ഇടവഴിയിലാണ് പ്രസവത്തിനുശേഷം അഞ്ചു മണിക്കൂർ പ്രായമുള്ള പൊക്കിൾ കൊടി വേർപ്പെടുത്തിയ നിലയിൽ ചോര പൊടിഞ്ഞ പെണ്‍കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് മണ്ണിൽ കിടത്തിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയ കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ അമ്മയുടെ വീട്.
അവിവാഹിതയായ പെണ്‍കുട്ടി തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് പ്രസവിച്ചത്. പിന്നീട് രാവിലെ കുട്ടിയെ സമീപത്തെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അമ്മയും വല്യമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവർ സംഭവമറിഞ്ഞില്ല എന്നാണ് പോലീസിന് നല്കിയ മൊഴി. അവശയായ യുവതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ലെന്ന് കിടങ്ങൂർ പോലീസ് അറിയിച്ചു.
പ്രസവിച്ച കാര്യം യുവതി ആദ്യം സമ്മതിച്ചില്ല. പിന്നീട് വൈദ്യ പരിശോധനയിൽ പ്രസവിച്ചതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയായിരുന്നു. കുട്ടിയെ കിട്ടിയ വിവരത്തിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പോലീസ് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ ഇന്ന് ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുക്കും. കുട്ടിയെ ഉപേക്ഷിച്ചതിന് അമ്മയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.