കണ്ണൂര്‍: സി.കെ. ജാനുവിന് പത്തു ലക്ഷം നൽകിയെന്നതുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണം കൃത്രിമമായി സൃഷ്ടിച്ചതാണെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്.
താൻ പുറത്തുവിട്ട ഫോൺ സംഭാഷണം വ്യാജമാണെന്ന് സുരേന്ദ്രൻ തെളിയിച്ചാൽ നീതിന്യായ വ്യവസ്ഥ തരുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്ന് പ്രസീത പറഞ്ഞു.
ശബ്ദരേഖ പരിശോധിച്ചാൽ കൃത്രിമമായി നിർമിച്ചതാണോ അല്ലയോ എന്നു വ്യക്തമാകും. കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്നാണ് സി.കെ. ജാനു പറഞ്ഞത്. അതേ സമയമാണ് കെ. സുരേന്ദ്രൻ ഫോൺ സംഭാഷണം വ്യാജമായി നിർമിച്ചതെന്ന് പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടൽ ഹൊറൈസണിൽ വച്ചാണ് സുരേന്ദ്രനും സി.കെ. ജാനുവും ചർച്ച നടത്തിയത്. ഹോട്ടലിൽ സി.കെ. ജാനുവും പാർട്ടി നേതാക്കളുമുള്ളപ്പോൾ കെ. സുരേന്ദ്രൻ അവിടെ എത്തുകയും മറ്റുള്ളവരെ മുറിയിൽനിന്ന് മാറ്റിനിർത്തി ചർച്ച നടത്തുകയുമായിരുന്നു. അപ്പോൾ പണം കൈമാറിയെന്ന് കരുതുന്നു.
സി.കെ. ജാനുവിനെയോ ബിജെപിയെയോ സുരേന്ദ്രനെയോ കരിവാരിത്തേക്കണമെന്ന ഉദ്ദേശത്തോടെയല്ല ശബ്ദരേഖ പുറത്തുവിട്ടത്. സി.കെ. ജാനുവിന്റെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് പാർട്ടിയിൽ ചർച്ചയായപ്പോൾ പാർട്ടി ഗ്രൂപ്പിലാണ് അതിട്ടത്. സി.കെ. ജാനു വ്യക്തിപരമായാണ് പണം കൈപ്പറ്റിയത്. ഒരു ലക്ഷം രൂപയാണ് പാർട്ടിക്ക് ലഭിച്ചത്. ബാക്കി പണം സി.കെ. ജാനു അവരുടെ ആവശ്യത്തിനാണ് ഉപയോഗിച്ചത്. പാർട്ടിയിൽനിന്നു മാറി നിന്നിരുന്ന സി.കെ. ജാനുവിനെ കെ. സുരേന്ദ്രന്റെ താത്പര്യ പ്രകാരമാണ് പാർട്ടിയിൽ തിരിച്ചെത്തിച്ചത്. ജാനുവിനെ പാർട്ടിയിൽ തിരിച്ചെത്തിച്ചാൽ ബത്തേരി സീറ്റും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ എൻഡിഎയുടെ ഘടകകക്ഷിയുമാക്കാമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഒരു ചെറിയ പാർട്ടിഎന്ന നിലയിൽ തനിച്ച് നിൽക്കാൻ കഴിയില്ലെന്നതിനാലാണ് എൻഡിഎയുടെ ഘടകകക്ഷിയാകാൻ പാർട്ടി തീരുമാനിച്ചത്. ഇതു പ്രകാരം സി.കെ. ജാനുവും പാർട്ടി സംസ്ഥാന നേതാക്കളും കെ. സുരേന്ദ്രനുമായി ചർച്ച ചെയ്തപ്പോൾ സി.കെ. ജാനു പത്തു കോടി ആവശ്യപ്പെടുകയായിരുന്നു. ഇത് ബിജെപി നേതൃത്വം അംഗീകരിച്ചില്ലെങ്കിലും പിന്നീട് പത്തു ലക്ഷത്തിന് ധാരണയായി. പിന്നീട് പാർട്ടിയെ അറിയിക്കാതെ സി.കെ. ജാനു സുരേന്ദ്രനുമായി ബന്ധപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനവും സി.കെ. ജാനു ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏതെങ്കിലും കമ്മീഷൻ ചെയർപേഴ്സൺ ആക്കാമെന്നായിരുന്നു ഇരുവരും തമ്മിൽ പിന്നീട് ധാരണയിലെത്തിയത്. ഇതൊന്നും പാർട്ടി അറിഞ്ഞിരുന്നില്ല. വോട്ടെണ്ണുന്നതിന് മുന്‍പ് തന്നെ സി.കെ. ജാനുവിന് വോട്ടു കുറയുമെന്ന് പാർട്ടിക്ക് വ്യക്തമാകുകയും ഇക്കാര്യം കത്തിലൂടെ കെ. സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നു.
സി.കെ. ജാനുവിന്റെ സാന്പത്തിക ഇടപാടുകളിൽ മനംമടുത്താണ് പല സംസ്ഥാന നേതാക്കളും നേരത്തേ തന്നെ പാർട്ടിവിട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ പുറത്തുവിട്ട ഫോൺ സംഭാഷണത്തിനു പുറമേ മറ്റു ചില തെളിവുകൾ കൂടി തന്റെ പക്കലുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.