രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും മോദിയ്‌ക്കൊപ്പം ! ലക്ഷ്യം 2019ലെ തിരഞ്ഞെടുപ്പ്; വന്‍ തെരഞ്ഞെടുപ്പുകള്‍ വിജയിപ്പിച്ചെടുക്കുന്ന പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി സൂചന.

രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാര്‍ട്ടികളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു നടപ്പാക്കിയത്.

എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബിജെപി പ്രശാന്ത് കിഷോറിനെ വീണ്ടും സ്വന്തം പാളയത്തില്‍ എത്തിച്ചതായാണ് വിവരങ്ങള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി നേതൃത്വവുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.

ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ ഘര്‍വാപ്പസിയെന്ന് അറിയാന്‍ കഴിയുന്നു. യുവജനതയുടെ പിന്തുണ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.

2014 ലേതുപോലെ യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വീട്ടിലെത്തിയാണ് പ്രശാന്ത് പലപ്പോഴും കണ്ടിരുന്നത്.

പലപ്പോഴും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാനല്ലെങ്കില്‍ ഇത്തരമൊരു നീക്കം എന്തിനെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചോദിക്കുന്നു. എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ എല്ലാവരും അത് അനുസരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതാണ് കാരണമെന്നാണ് നിഗമനം.

ഐപിഎസി എന്ന പേരിലുള്ള പ്രസ്ഥാനവുമായാണ് പ്രശാന്ത് ഇപ്പോള്‍ ബിജെപിക്കായി തന്ത്രങ്ങളൊരുക്കുന്നത്. നിലവില്‍ ഇതിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു തുടങ്ങി. എല്ലാ ട്വീറ്റുകളിലും NationalAgendaForum എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.


ഗുജറാത്തിന്റെ ശക്തനായ മുഖ്യമന്ത്രി, ശക്തനായ ഹിന്ദു നേതാവ് എന്നതിനപ്പുറം ഒരു അന്താരാഷ്ട്രവ്യക്തിത്വമായും രാഷ്ട്രനായകനെന്ന തലക്കെട്ടുകളിലേക്കും മോദിയെ വളര്‍ത്തിയത് പ്രശാന്ത് കിഷോറാണ്.

2013-ല്‍ തന്നെ ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് സിറ്റിസണ്‍സ് ഫോര്‍ അക്കൌണ്ടബിള്‍ ഗവേണന്‍സ് (സിഎജി)എന്ന സ്ഥാപനത്തിന് രൂപംനല്‍കി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം. മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ അന്നേ പ്രശാന്ത് തുടങ്ങിവച്ചു.

ഡേറ്റാ ആന്‍ഡ് അനലറ്റിക്‌സ്, മീഡിയ ആന്‍ഡ് എക്‌സ്റ്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്, റിസര്‍ച്ച്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍, ഫീല്‍ഡ് ഓപ്പറേഷന്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളാക്കി തിരിച്ചായിരുന്നു സിഎജിയുടെ പ്രവര്‍ത്തനം.

15 സംസ്ഥാന ചാപ്റ്ററുകളും, 1000 മുഴുവന്‍ സമയപ്രവര്‍ത്തകരും ഒരു ലക്ഷത്തിലേറെ വോളന്റിയര്‍മാരുമായി പ്രശാന്ത് നടത്തിയ പ്രചാരണതന്ത്രങ്ങള്‍ അന്നുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപരിചിതമായിരുന്നു.

പണ്ട് റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റുനടന്ന പാരമ്ബര്യമാണ് മോദിക്കെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പരിഹസിച്ചപ്പോള്‍ അതിനെ ‘ചായക്കൊപ്പം ചര്‍ച്ച’ (ചായ് പേ ചര്‍ച്ച) എന്ന വിജയ ഫോര്‍മുലയാക്കി മാറ്റിയതും ‘സ്റ്റാച്യു ഒഫ് യൂണിറ്റി ‘(സര്‍ദാര്‍ പട്ടേല്‍ പ്രതിമ) യുമെല്ലാം പ്രശാന്തിന്റെ ചാണക്യതന്ത്രങ്ങളില്‍ പെടും. ഇന്ത്യയാകെ ‘നമോ’ തരംഗമായപ്പോള്‍ 80 വര്‍ഷത്തിലെ ഏറ്റവും വലിയ തിരിച്ചടി നേടി കോണ്‍ഗ്രസ് വാലുചുരുട്ടി. മോദി നയിച്ച ബിജെപി വന്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി.

പിന്നീട് ബിഹാര്‍ തെരഞ്ഞെടുപ്പിലും പ്രശാന്തിന്റെ തന്ത്രങ്ങളില്‍ വിജയം നേടി. പക്ഷെ ഇക്കുറി ബിജെപിയുടെ എതിര്‍ചേരിയിലായിരുന്നെന്നു മാത്രം. പിന്നീട് യുപി തെരഞ്ഞെടുപ്പിലും പ്രശാന്ത് ബിജെപിയുടെ എതിര്‍ ചേരിയിലായിരുന്നുവെങ്കിലും വിജയം ബിജെപിയ്‌ക്കൊപ്പം നിന്നു. ഇപ്പോള്‍ വീണ്ടും പ്രശാന്ത് പഴയ പാളയത്തില്‍ തിരിച്ചെത്തുമ്പോള്‍ പുതിയ എന്തു തന്ത്രമായിരിക്കും പയറ്റാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts