ലോകകപ്പ് വേദിയിലെ സെലിബ്രിറ്റി രാജ്യം ക്രൊയേഷ്യയാണെങ്കിൽ അവിടുത്തെ പ്രസിഡന്റ് കൊളിൻഡ ഗ്രാബർ കിറ്ററോവിച്ചിന്റെ സ്ഥാനം അതുക്കും മേലെ.
ക്രൊയേഷ്യയും റഷ്യയും തമ്മിലുള്ള ക്വാർട്ടർ മൽസരം നേരിട്ടു കാണുക മാത്രമല്ല തന്റെ രാജ്യത്തിന്റെ ടീം ആതിഥേയരെ പെനൽറ്റി ഷൂട്ടൗട്ടിൽ തകർത്തപ്പോൾ ടീം അംഗങ്ങൾക്കൊപ്പം ആനന്ദനൃത്തമാടി ആഘോഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.
പ്രത്യേക വിമാനം ചാർട്ട് ചെയ്തായിരുന്നില്ല കൊളിൻഡ റഷ്യയിലെത്തിയത്, ഇക്കോണമി ക്ലാസിൽ സാധാരക്കാർക്കൊപ്പമായിരുന്നു യാത്ര.
ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് രാജ്യത്തെ 40 ലക്ഷം ജനങ്ങളും പ്രസിഡന്റും മന്ത്രിമാരും ഒക്കെ. സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യൻ ടീം ഫൈനലിൽ കടന്നത്.
ഓണത്തിനിടയിൽ പുട്ടുകച്ചവടം പോലെയായിരുന്നു ബ്രസൽസിലെ നാറ്റോ ഉച്ചകോടി! അതിലും പ്രസിഡന്റ് കൊളിൻഡ പങ്കെടുത്തു. ഉച്ചകോടിക്കിടെ ക്രൊയേഷ്യയുടെ ജഴ്സി കാണിച്ചാണ് കൊളിൻഡ ഇവിടെ താരമായത്.
അതുമാത്രമല്ല അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ക്രൊയേഷ്യൻ ടീമിന്റെ ജഴ്സി നൽകി ഉച്ചകോടിയിലും തിളങ്ങി. ഇരുവർക്കും ജഴ്സി കൈമാറുന്നതിന്റെ ചിത്രങ്ങൾ കൊളിൻഡ തന്നെ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതും ഏറെ ആവേശത്തോടെയാണ്.
ക്രൊയേഷ്യൻ ടീമിന്റെ ചുവപ്പും വെള്ളയും ചേർന്ന ജഴ്സികളിൽ അവരുടെ പേരുകളെഴുതിയാണ് കൈമാറിയത്. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിന്റെ 10-ാം നന്പർ ജഴ്സി തെരേസാ മേയ്ക്കും, സ്ട്രൈക്കർ ആന്ദ്രെ ക്രാമരിച്ചിന്റെ ഒന്പതാം നന്പർ ജഴ്സി ട്രംപിനും നൽകി.
ഇംഗ്ലണ്ടും ക്രെയോഷ്യയും സെമിഫൈനലിൽ ഏറ്റുമുട്ടുന്നതിന് മുന്പായിരുന്നു ഈ ജഴ്സി കൈമാറ്റം. നേരത്തെ കൊളിൻഡ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചപ്പോൾ ക്രൊയേഷ്യൻ ടീമിന്റെ 9-ാം നന്പർ ജഴ്സി മാർപാപ്പയ്ക്കു സമ്മാനിച്ചിരുന്നു. 1998 ൽ ക്രൊയേഷ്യയെ ലോകകപ്പ് സെമിഫൈനൽ വരെ എത്തിച്ച ഇതിഹാസ താരം ഡാവർ സൂക്കറും ഒന്പതാം നന്പർ ജഴ്സിയാണ് അണിഞ്ഞിരുന്നത്.
ജോസ് കുമ്പിളുവേലിൽ