ഒരുകൂട്ടം കോടീശ്വരരുടെ സംഘമാണ് നരേന്ദ്രമോദിക്ക് കീഴില്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രവേശിച്ചിരിക്കുന്നത്. അമിത്ഷാ ഉള്‍പ്പെടെയുള്ള കോടീശ്വരരാണ് അത്. എന്നാല്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് മോദി സര്‍ക്കാറില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒഡീഷയില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി.
ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ള എംപിയാണ് സാരംഗി. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗി കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ലാളിത്യത്തിന്റെ പ്രതീകമായി ആര്‍എസ്എസ് അണികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്ര ജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി മലര്‍ത്തിയടിച്ചത്. എസ്യുവികളും വാഹനവ്യൂഹങ്ങളിലുമൊന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതെ സൈക്കിളിലും നടന്നുമാണ് സാരംഗി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുതേടിയത്. വാഹനപര്യടനം നടത്തിയത് ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.
നേരത്തെ സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്കായി നിരവധി വിദ്യാലയങ്ങള്‍ സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത് ജനപിന്തുണയ്ക്ക് ആക്കം കൂട്ടി. അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ അദ്ദേഹം ഏകനായി.