ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.
1978ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തകര, ചാമരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയ നടനായി.
മമ്മൂട്ടി നായകനായി എത്തിയ സിനിമ സിബിഐ-5 ദ് ബ്രെയ്ന്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം. നടൻ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിലും അദ്ദേഹം മികച്ച വേഷം ചെയ്യുന്നുണ്ട്.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്പതികൾക്ക് കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു.
തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്. നിർമാതാവ് ഹരിപോത്തൻ സഹോദരനാണ്.