പ്രത്യേക ലേഖകന്‍
തൃശൂര്‍: കൂട്ടത്തോടെയുള്ള വെട്ടിനിരത്തലുകളെ നിലംപരിശാക്കിയാണ് “ഗ്രൂപ്പില്ലാത്ത ജനകീയനേതാവ്’ എന്നറിയപ്പെടുന്ന ടി.എന്‍. പ്രതാപന് തൃശൂര്‍ ഡിസിസിയുടെ അമരക്കാരനാകുന്നത്. ഇതോടെ വയോധികരായ നേതാക്കള്‍ റദ്ദാക്കപ്പെട്ട നോട്ടുകള്‍ പോലെയായി. തൃശൂരില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയ ഗ്രൂപ്പുപോരാട്ടവും വയോധിക നേതൃത്വത്തിന്റെ വീതംവയ്പ് രാഷ്ട്രീയവും പൊളിച്ചടുക്കുകയാണ് പ്രതാപന്റെ മുന്നിലുള്ള പ്രഥമവും പ്രധാനവുമായ ദൗത്യം; ഒപ്പം വൃദ്ധനേതൃത്വം മൃതാവസ്ഥയിലാക്കിയ പാര്‍ട്ടിയെ കര്‍മോത്സുകമായ പ്രവര്‍ത്തനങ്ങ ള്‍കൊണ്ട് ചലനാത്മകമാക്കുകയും. സ്വന്തം നേട്ടത്തിനുമാത്രം പാര്‍ട്ടിയെ ഉപയോഗിച്ച വയോധികരെയും അവരുടെ സേവകരെയും ഒറ്റയടിക്ക് ഒതുക്കാനോ ആട്ടിയോടിക്കാനോ കഴിഞ്ഞെന്നുവരില്ല. അവര്‍ അടക്കമുള്ളവരെ ത്രിവര്ണപതാകയ്ക്കുകീഴില് ഐക്യത്തോടെ അണിനിരത്തുകയാണ് പുതിയ ഡിസിസി പ്രസിഡന്റിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഗ്രൂപ്പുചേരികളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തു പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ തൃശൂര്‍ ജില്ലയില്‍ പ്രതാപനു മാത്രമേ കഴിയൂവെന്ന് എഐസിസി-കെപിസിസി നേതൃത്വത്തിനു മാത്രമല്ല, തൃശൂരിലെ എല്ലാ ഗ്രൂപ്പുകളുടെയും ഏതാനും നേതാക്കള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ എഐസിസി നേതൃത്വം തൃശൂരിലെ ചുമതല ഏറ്റെടുക്കണമെന്ന സൂചന പ്രതാപനു നല്‍കുകയും ചെയ്തിരുന്നു. ഇതേസമയം, ജില്ലയില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കാന്‍ ഐ, എ ഗ്രൂപ്പുകള്‍ പയറ്റാവുന്ന അടവുകളൊക്കെ പയറ്റി. പ്രതാപന്റെ വരവുതടയാന്‍ അവസാന നിമിഷം അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. തളിക്കുളം സ്നേഹതീരം പാര്‍ക്കുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു താറടിക്കാനായിരുന്നു ശ്രമം.
എന്നാല്‍, ആ അടവുകളെല്ലാം പാളി; ഗ്രൂപ്പുകള്‍ തോറ്റമ്പി. മൂന്നു പതിറ്റാണ്ടുകാലം ഡിസിസി പ്രസിഡന്റായും പിന്നീട് കെപിസിസി ട്രഷററായും മന്ത്രിയുമെല്ലാമായി പാര്‍ട്ടിയെ നയിച്ച സി.എന്‍. ബാലകൃഷ്ണന് വീണ്ടും ഡിസിസി പ്രസിഡന്റാകാന്‍ അവസാനംവരെ നടത്തിയ ഗുസ്തി ആരും മറക്കില്ല. നേതൃത്വത്തെ ഭീഷണിപ്പെടുത്തി പ്രസിഡന്റ് സ്ഥാനം പിടിച്ചടക്കാന്‍ കഴിഞ്ഞമാസം ഗ്രൂപ്പ് കണ്‍വന്‍ഷന്‍വരെ വിളിച്ചു. എഐസിസി, കെപിസിസി നേതൃത്വം ശക്തമായി താക്കീതു നല്‍കിയതോടെ തലേന്നാണ് സമ്മേളന പരിപാടി ഉപേക്ഷിച്ചത്. പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമ്മേളനമെന്നു പ്രചരിപ്പിച്ചാണ് ഗ്രൂപ്പുകാരെ സമ്മേളന നഗരിയിലെത്തിക്കാന്‍ ശ്രമിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സമരപരിപാടികളില്‍ പങ്കെടുക്കാതെ അദ്ദേഹം വിട്ടുനിന്നു.
ഇതേസമയം, ഡിസിസി പ്രസിഡന്റാകാന്‍ സി.എന്‍ നടത്തിയ ശ്രമങ്ങളെ ഐ ഗ്രൂപ്പിലെ തന്നെ മുതിര്‍ന്ന നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായ പത്മജ വേണുഗോപാലും വി. ബാലറാമും ശക്തമായി എതിര്‍ത്തു. മുന്‍ എംഎല്‍എ എം.പി. വിന്‍സന്റും ബാലകൃഷ്ണനെതിരേ പരസ്യമായി രംഗത്തുവന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു തങ്ങളെ നിയോഗിക്കണമെന്ന ആഗ്രഹത്തിലായിരുന്നു പത്മജയും ബാലറാമും. ഇതിനായി ചരടുവലികളും നടന്നു. എന്നാല്‍, എം.പി. വിന്‍സന്റ് അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ടി.എന്‍. പ്രതാപനെയാണ് പിന്തുണച്ചത്. ചില എ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയും പ്രതാപനു കിട്ടി.
ഐ ഗ്രൂപ്പില്‍ ഒറ്റപ്പെടുകയും പരസ്യമായി നാണംകെടുകയും ചെയ്യുന്ന അവസ്ഥവന്നതോടെ സി.എന്‍. ബാലകൃഷ്ണന് ഡിസിസി പ്രസിഡന്റ് സ്ഥാനമോഹവുമായി തുന്നിവച്ച കുപ്പായം മടക്കി. ഐ ഗ്രൂപ്പിലെ ടി.വി. ചന്ദ്രമോഹനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ചുവടുമാറുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിസിസി ഓഫീസില്‍ യുവനേതാവിന്റെ മൃതദേഹത്തോട് അനാദരവു കാട്ടിയെന്ന ആരോപണം തനിക്കെതിരേ ഉന്നയിച്ച പ്രതാപനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാട് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേസമയം എ ഗ്രൂപ്പ്, നിലവിലുള്ള ഡിസിസി പ്രസിഡന്റ് പി.എ. മാധവനെ തന്നെ തുടരാന്‍ അനുവദിക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായിരുന്ന ഒ. അബ്ദുറഹ്മാന്‍കുട്ടി മണലൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയായതോടെയാണ് മാധവന് ഇടക്കാലത്തേക്കു ഡിസിസി പ്രസിഡന്റായത്.
എ ഗ്രൂപ്പ് ഒപ്പം എം.പി. ജാക്സന്റെ പേരും മുന്നോട്ടുവച്ചു. പ്രവര്‍ത്തകരായ മുതിര്‍ന്ന നേതാക്കള്‍ കസേരയ്ക്കായി നടത്തുന്ന പിടിവലികള്‍ കണ്ട് ഐ ഗ്രൂപ്പിലെ സീനിയര്‍ നേതാവ് തേറമ്പില്‍ രാമകൃഷ്ണന് മാറിനില്‍ക്കുകയാണുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് അന്നത്തെ ഡിസിസി പ്രസിഡന്റും, മന്ത്രിയായിരുന്ന സി.എന്‍. ബാലകൃഷ്ണനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ക്കു മേല്‍നോട്ടം വഹിക്കാനോ, രംഗത്തേക്കു തിരിഞ്ഞുനോക്കാന്‍ പോലുമോ തയാറായില്ല. തൃശൂരില്‍ മത്സരിച്ചു തോറ്റ പത്മജ മുതല്‍ വടക്കാഞ്ചേരിയില്‍ ജയിച്ച അനില്‍ അക്കര വരെയുള്ള സ്ഥാനാര്‍ഥികള്‍ പരസ്യമായി ഈ ആരോപണം ഉന്നയിച്ചിരുന്നു. എഐസിസി നേതൃത്വത്തിന് ഇതു ബോധ്യപ്പെട്ടിട്ടുമുണ്ട്.
സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ മാത്രമല്ല, ശക്തിപ്രാപിച്ചുവരുന്ന ബിജെപിയെ കൂടി മറികടക്കാന്‍ പാര്‍ട്ടിയെ കരുത്തുറ്റതാക്കുക എന്നതാണ് പ്രതാപന് അടക്കമുള്ള പുതിയ നേതൃത്വത്തിന്റെ ചുമതല. ഇതിനു പ്രവര്‍ത്തകരെ സജീവമാക്കേണ്ടിവരും. പ്രവര്‍ത്തിച്ചാല്‍ അംഗീകാരം കിട്ടുമെന്ന വിശ്വാസം അവരില്‍ ഉണ്ടാക്കേണ്ടിവരും. ആവേശോജ്വലമായ കര്‍മപരിപാടികളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും പാര്‍ട്ടിയെ നയിക്കേണ്ടിവരും. ഗ്രൂപ്പുകള്‍ക്ക് അതീതമായി യുവനേതൃനിരയെ ഒപ്പം നിര്‍ത്താനുള്ള സംഘാടനമികവ് പ്രതാപന്റെ പ്രതാപമാണ്. വയോധിക നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഇനി അലങ്കാരമാകും. അനുഭവിച്ച നേട്ടങ്ങള്‍ക്കു നന്ദിയുള്ളവരാണെങ്കില്‍ അവര്‍ പാര്‍ട്ടിക്കൊപ്പം നില്ക്കും.