ചാവക്കാട്: “എന്താ മീൻ ചാളയാണോ’ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ മത്സ്യ ചില്ലറ വില്പനക്കാരന്റെ മുഖത്ത് നാണം കലർന്ന പുഞ്ചിരി. എല്ലാവരും മീൻകുട്ട ഉപേക്ഷിച്ചു. ഇക്കമാത്രം പഴയ കൊട്ടയും കാവും കളഞ്ഞില്ല. കുശലന്വേഷണത്തിനിടയിൽ ടി.എൻ. പ്രതാപൻ വോട്ട് അഭ്യർഥിക്കാൻ മറന്നില്ല.
യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുലർച്ചെ ബ്ലാങ്ങാട് ബീച്ച് മത്സ്യമാർക്കറ്റിൽ എത്തിയതായിരുന്നു. അതിരാവിലെ തന്നെ മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും വോട്ട് ഉറപ്പിച്ചാണ് രാവിലെ പര്യടനം ആരംഭിച്ചത്.
വെയിലും ചൂടും വകഞ്ഞുമാറ്റി ഏങ്ങണ്ടിയൂരിൽനിന്ന് ആരംഭിച്ച പര്യടനം ഒരുമനയൂർ, ചാവക്കാട്, തെക്കഞ്ചേരി, പുന്ന, മുതുവട്ടൂർ, പാലയൂർ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടഭ്യർഥന നടത്തി. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ചക്കംകണ്ടം മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പു നൽകി. പിന്നീട് തീരമേഖലയിലും പര്യടനം നടത്തി.
കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ഡിസിസി സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, യുഡിഎഫ് നേതാക്കളായ ജലീൽ വലിയകത്ത്, കെ.ജെ. ചാക്കോ, ഫിറോസ് പി. തൈപറന്പിൽ, റാഫി വലിയകത്ത്, ലത്തീഫ് പാലയൂർ, കെ.വി. ഷാനവാസ്, കെ.എ. ഷിഹാബ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിക്കുകയും വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.