തൃശൂർ: കോൺഗ്രസ് നേതാക്കൾ മോദി അനൂകൂല പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് ടി.എൻ. പ്രതാപൻ എംപി. മോദി സ്തുതി പാടുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും വിഷയത്തിൽ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് നല്ലതല്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ ന്യായീകരിച്ച ശശി തരൂരിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. കേസ് ഭയന്നിട്ടാണോ തരൂരിന്റെ മോദി സ്തുതി. അങ്ങനെയെങ്കിൽ കേസ് കോടതിയിലല്ലെ നേരിടേണ്ടതെന്നും കെ. മുരളീധരൻ ചോദിച്ചു.
തരൂരിനെതിരേ വിമർശനവുമായി ബെന്നി ബഹനാൻ എംപിയും രംഗത്തെത്തി. ബിജെപി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്തയാളാണ് മോദിയെന്നും ബഹനാൻ വിമർശിച്ചു.
ഞായറാഴ്ച തരൂരിന്റെ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്നു പറഞ്ഞു മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ വിമർശനം.
അതേസമയം, മോദി അനുകൂല പ്രസ്താവനയിൽ തന്നെ വിമർശിച്ച നേതാക്കൾക്കെതിരേ മറുപടിയുമായി ശശി തരൂർ എംപിയും രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിൽ മറ്റാരേക്കാളും മോദിയെ എതിർത്തിട്ടുള്ളതു താനാണെണെന്നും തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നുമായിരുന്നു തരൂരിന്റെ മറുപടി.