കുമരകം: വിവാഹത്തിനുശേഷം 11 വർഷത്തെ കാത്തിനിരിപ്പിനൊടുവിൽ ജനിച്ച പെണ്‍കുഞ്ഞ് ഇന്നലെ വെള്ളത്തിൽ വീണു മരിച്ചു.
കുമരകം ഇടവട്ടം പാടശേഖരത്തിലെ തുരുത്തിൽ തമസിക്കുന്ന ഇത്തിത്തറ പ്രഭാഷ് – സവിത ദന്പതികളുടെ ഏകമകൾ പ്രതീക്ഷ (ഒന്നര) യാണ് ഇന്നലെ മുങ്ങി മരിച്ചത്.
മത്സ്യത്തൊഴിലാളിയായ പ്രഭാഷും കർഷകത്തൊഴിലാളിയായ സവിതയും വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ പിൻഭാഗത്ത് അറ്റകുറ്റപ്പണിക്കായി കയറ്റിവച്ചിരുന്ന വള്ളം മഴക്കാർ കണ്ടതിനെത്തുടർന്നു മുടി വയ്ക്കുകയായിരുന്നു മാതാപിതാക്കൾ.
ഇവർ താമസിക്കുന്ന തുരുത്തിൽ മറ്റ് രണ്ട് വീടുകൾകൂടി ഉണ്ട്. വീട്ടിൽ അയലത്തെ കുട്ടിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതീക്ഷ.
വള്ളം മൂടിയശേഷം കുട്ടിയെ അന്വേഷിച്ച മാതാപിതാക്കൾ കുട്ടിയെ കാണാതായതിനെത്തുടർന്ന് അയൽപ്പക്കത്തെ രണ്ടു വീടുകളിലും തിരക്കിയെത്തിയെങ്കിലും കണ്ടെത്താനായില്ല.
കൊയ്ത്തിനു ശേഷം വെള്ളം കയറ്റിക്കൊണ്ടിരിക്കുന്ന പാടത്ത് ജലനിരപ്പ് തീരെ കുറവായിരുന്നു.
തുരുത്തിൽ താമസിക്കുന്ന ബന്ധുക്കളായ അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ വൈകുന്നേരം 5.30ന് വീടിന് മുൻവശത്തുള്ള പാടത്തെ വെള്ളത്തിൽനിന്നും അയൽക്കാരനായ എഴുപതിൽച്ചിറ സനൂപ് കുട്ടിയെ കണ്ടെത്തി.
ഉടൻതന്നെ കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 10-ന് വീട്ടുവളപ്പിൽ. മാതാവ് സവിത കുമരകം പള്ളിച്ചിറ മറ്റീത്തറച്ചിറ കുടുംബാഗമാണ്.