മരണത്തിലും കെടാത്ത ‘പ്രതീക്ഷ’യാണവള്‍; മരണശേഷം ശരീരം പഠനത്തിനു വിട്ടുനല്കി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി

ജീവൻ അണഞ്ഞിട്ടും മറ്റുള്ളവർക്ക് ജീവിതവെളിച്ചമായ അനേകം പേരുടെ കഥകൾ നമുക്കറിയാം. മറ്റുള്ളവർക്ക് കാഴ്ചയായും ഹൃദയമായും മാറിയവർ. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പ്രതീക്ഷ എന്ന പെൺകുട്ടി. ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ പ്രതീക്ഷയുടെ മൃതദേഹം അവളുടെ അന്ത്യാഭിലാഷപ്രകാരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി നല്കിയിരിക്കുകയാണ്.

മംഗളൂരു അശോക്നഗർ സ്വദേശിയായ കുമാരസ്വാമിയുടെയും വന്ദന കുമാരസ്വാമിയുടെയും മകളായ പ്രതീക്ഷ ശാരദാ വിദ്യാലയയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്ന അവളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് എല്ലിലെ കാൻസറാണ്. നാലു മാസത്തോളം കിടപ്പിലായ പ്രതീക്ഷ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

കാൻസർ പൂർണമായും ശരീരം വിട്ടുപോയെന്ന് ഡോക്ടർമാർ ഉറപ്പുനല്കി. എന്നാൽ കഴിഞ്ഞയാഴ്ച പ്രതീക്ഷയുടെ ആരോഗ്യനില വീണ്ടും വഷളായി. താൻ അധികകാലം ജീവിച്ചിരിക്കില്ലെന്നു മനസിലായ പ്രതീക്ഷ മരണശേഷം തന്‍റെ ശരീരം ആശുപത്രിക്ക് നല്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. എന്നാൽ മകളുടെ ശരീരം കീറിമുറിക്കാൻ വിട്ടുനല്കാൻ അവർ ഒരുക്കമല്ലായിരുന്നു.

രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ ഒക്ടോബർ 30ന് പ്രതീക്ഷ ഇഹലോകവാസം വെടിഞ്ഞു. ഇതോടെ മകളുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മാതാപിതാക്കൾ തയാറായി. പ്രതീക്ഷയുടെ ഇരട്ടസഹോദരൻ പ്രീതവും മൂത്ത സഹോദരൻ പ്രജ്വൽ കൃഷ്ണയും തങ്ങളുടെ പ്രിയപ്പെട്ട സഹോദരിയുടെ ആഗ്രഹത്തിനൊപ്പം നിന്നു. നവംബർ ഒന്നിന് കന്നഡപ്പിറവി ദിനത്തിൽ പ്രതീക്ഷയുടെ മൃതദേഹം അവർ സ്വകാര്യ ആശുപത്രിക്ക് കൈമാറി.

Related posts