പാപ്പിനിശേരി(കണ്ണൂർ): പാപ്പിനിശേരി ദേശീയപാതയിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ചാനൽ കാമറമാൻ മരിച്ചു. മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയർ കാമറമാൻ പ്രതീഷ് എം. വെള്ളിക്കീൽ (35) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്ത് ആണ് അപകടം. ഇന്നലെ രാത്രി ചാനൽ തെരഞ്ഞെടുപ്പ് പരിപാടിയുടെ കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഷൂട്ട് കഴിഞ്ഞ് സ്വന്തം ബുള്ളറ്റ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
എതിർദിശയിൽ നിന്നു മറികടന്ന് വന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്ന പ്രതീഷിനെ കർണാടകയിൽ നിന്നുള്ള യാത്രക്കാരും വളപട്ടണം പാലത്തിൽ മീൻ പിടിത്തം നടത്തുകയായിരുന്ന മത്സ്യതൊഴിലാളികളും ചേർന്ന് കണ്ണൂർ എ കെ ജിആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചുവെന്ന് വളപട്ടണം പോലീസ് പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വെള്ളിക്കീൽ കൈരളി വായനശാലയിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിക്കീൽ ശ്മശാനത്തിൽ സംസ്കരിക്കും. വെള്ളിക്കീലിലെ പരേതനായ മണിയമ്പാറ നാരായണൻ – നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേഷ്മ (പാപ്പിനിശേരി കോ-ഓപ് റേറ്റീവ് റൂറൽ ബാങ്ക് കണ്ണപുരം ശാഖ) സഹോദരങ്ങൾ. അഭിലാഷ്, നിധീഷ്.