കോട്ടയം: സൗഹൃദമായ ഇടപെടൽ ആരെയും വീഴ്ത്തുന്ന സംഭാഷണം. പീഡനക്കേസിൽ അറസ്റ്റിലായ ഒറവയ്ക്കൽ അരീപ്പറന്പ് സ്വദേശി പ്രതീഷ് കുമാറിനെ (25)പ്പറ്റി ഏവർക്കും മതിപ്പാണ്. സൗഹൃദം മുതലാക്കി ഇതിനോടകം 25ൽ അധികം യുവതികളെയാണ് ഇയാൾ വശത്താക്കിയിരിക്കുന്നത്. ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയുമായുള്ള സൗഹൃദം സാന്പത്തികത്തിലേക്കു മാറുകയും ഭീഷണി തുടരുകയും ചെയ്തതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.
വീട്ടമ്മയെ നിരവധി തവണ പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തിട്ടുണ്ട്. വീട്ടമ്മമാരും പെണ്‍കുട്ടികളും അടങ്ങുന്ന ഒട്ടേറെപ്പേർ ഇയാളുടെ ചൂഷണത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇന്നലെ രാത്രിയാണ് അറസ്റ്റ്.
വിദേശത്തെ സ്വകാര്യ കന്പനിയിലെ ജോലി ഉപേക്ഷിച്ച് മൂന്നു വർഷം മുന്‍പാണ് പ്രതീഷ് നാട്ടിലെത്തിയത്. ചടങ്ങുകളിൽ പങ്കെടുത്തു സൗഹൃദം സ്ഥാപിച്ചശേഷം ഇവരെ വശത്താക്കി വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മമാരുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെണ്മക്കളെ പീഡിപ്പിച്ചതായും സംശയിക്കുന്നു.