കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതീഷിനെ ഉടൻ ചോദ്യം ചെയ്യുമെന്നും എന്നാൽ സമയം തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതിനെത്തുടർന്നാണു പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു വിവരം.
കഴിഞ്ഞ ദിവസമാണു പ്രതീഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തനിക്കു കൈമാറിയെന്നും ഇതു നശിപ്പിച്ചതായും പ്രതീഷ് മൊഴി നൽകിയിരുന്നതായാണു പുറത്തുവന്നിരുന്ന വിവരങ്ങൾ. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. കേസിലെ മുഖ്യതെളിവായ ഫോണ് നശിപ്പിച്ചെന്ന തരത്തിൽ മൊഴി നൽകിയത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായാണു സൂചന. അന്വേഷണം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായാണോ ഇത്തരത്തിൽ മൊഴി നൽകിയതെന്നും പോലീസ് സംശയിക്കുന്നു. ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സുനിയുടെ മുൻ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നതെന്നാണു സൂചന.
പൾസർ സുനി ഫോണ് നൽകിയെന്നും ഇതു തന്റെ ജൂണിയറായ രാജു ജോസഫിനു കൈമാറിയെന്നും അദ്ദേഹം ഫോണ് നശിപ്പിച്ചുകളഞ്ഞെന്നും പ്രതീഷ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയിലുണ്ടായിരുന്നതായാണു വിവരം. അങ്ങനെയെങ്കിൽ കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചതിനും അതിനു കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരേ പോലീസ് കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും. ഒളിവിലായിരുന്ന പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയതിനെത്തുടർന്നു കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്.
ആലുവ പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരായ പ്രതീഷിനെ ചോദ്യംചെയ്യലിനുശേഷം രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ, തെളിവ് നശിപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇന്നലെ ഉച്ചയോടെ ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തതെന്നാണു വിവരം. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല.