നടി ആക്രമിക്കപ്പെട്ട കേസില്‍ വന്സ്രാവുകള്ക്കായി വലവിരിച്ച് പോലീസ്. നടന് ദിലീപിനെ അറസ്റ്റു ചെയ്തതിനു ശേഷവും വന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നടന് ദിലീപ് പ്രതിയായ ക്വട്ടേഷന്‍ മാനഭംഗക്കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇതോടെ അധികം വൈകാതെ തന്നെ ഇതിനു പിന്നിലുള്ള വിഐപിയെ കുടുക്കാനാണ് പോലീസിന്റെ പദ്ധതി.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണും മെമ്മറികാര്‍ഡും പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നു സുനി മൊഴി നല്‍കിയിരുന്നു.ഒന്നാം പ്രതി പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതീഷ് ഈ മൊബൈല്‍ ഫോണ്‍ ഒരു ‘വിഐപി’വഴി ദിലീപിന് എത്തിച്ചതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പ്രതീഷ് കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന് മുഖേനയാണു പ്രത്യേക അന്വേഷണ സംഘവുമായി ആശയ വിനിമയം നടത്തിയത്. ഇന്ന് രാവിലെ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവുകയും ചെയ്തു. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്. ബുധനാഴ്ച പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതീഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പ്രതീഷിന്റെ ആരോഗ്യ സ്ഥിതിയും പൊലീസിന്റെ അനുഭാവ പൂര്‍ണമായ നിലപാടിനു വഴിയൊരുക്കി. കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണു പ്രതീഷ് അന്വേഷണ സംഘത്തിനു നല്‍കിയത്.ദിലീപിനു വേണ്ടി മൊബൈല്‍ ഫോണ്‍ ഏറ്റുവാങ്ങിയ ‘വിഐപി’യുടെ പേരും പൊലീസിനു ലഭിച്ചു. ഇന്നലെ മുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. പ്രതീഷിന്റെ രഹസ്യമൊഴി മജിസ്ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തിയ ശേഷം ‘വിഐപി’യെ ചോദ്യം ചെയ്യാനാണു പൊലീസ് ഉദ്ദേശിക്കുന്നത്.നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫെബ്രുവരി 23 ന് കോടതിയില്‍ കീഴടങ്ങാനെത്തും മുമ്പ് പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതോടെയാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.