തൃക്കരിപ്പൂർ: ഗ്രാമ പഞ്ചായത്ത് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിൽ മൽസ്യതൊഴിലാളികളുടെ പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയും സെമിനാറിൽ എത്തിയ പ്രതിനിധികൾക്ക് നോട്ടീസ് വിതരണം ചെയ്തുമാണ് തൃക്കരിപ്പൂർ മൽസ്യമാർക്കറ്റിലെ വിപണന തൊഴിലാളികൾ പഞ്ചായത്ത് അധികൃതരെ പ്രതിഷേധം അറിയിച്ചത്.
ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്ത് ഹാളില്‍ വികസന സെമിനർ തുടങ്ങിയ ഉടനെയാണ് തൊഴിലാളികൾ പ്രശ്നവുമായി വേദിക്ക് മുന്നിലെത്തിയത്. 2019-20 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത മത്സ്യതൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ മാറ്റി വെച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
മൽസ്യത്തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചു കൊണ്ട് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഗ്രാമസഭ പഞ്ചായത്ത് അധികൃതർ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ അന്നു തന്നെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
തൃക്കരിപ്പൂരിൽ പഞ്ചായത്ത് മാർക്കറ്റിന് സമാന്തരമായി മൽസ്യ മാർക്കറ്റ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സമരം നടത്തി വരുന്നതിനിടയിലാണ് പ്രത്യേക ഗ്രാമസഭ മാറ്റിവെച്ചത്. ഇത് തൊഴിലാളികളെ പ്രകോപിതരാക്കി. വികസന സെമിനാറിൽ വിഷയം അവതരിപ്പിക്കാമെന്ന് പഞ്ചായത്ത് അധികൃതർ നിർദ്ദേശം വെച്ചെങ്കിലും അത് തൊഴിലാളികൾക്ക് സ്വീകാര്യമായിരുന്നില്ല.
തുടര്‍ന്ന് തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 13 ന് മത്സ്യത്തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ ചേരാമെന്ന ഉറപ്പിലാണ് തൊഴിലാളികൾ പിരിഞ്ഞു പോയത്.