ലക്നോ: ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ഉന്നാവോ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള ബിജെപി ജനപ്രതിനിധികളുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം. ബിജെപി മന്ത്രിമാരായ കമാൽ റാണി വരുൺ, സ്വാമി പ്രസാദ് മൗര്യ, എംപി സാക്ഷി മഹാരാജ് എന്നിവരാണ് പെൺകുട്ടിയുടെ വസതി സന്ദർശിക്കാനെത്തിയത്.
ഇതിനെതിരെ എൻഎസ്യു പ്രവർത്തകരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേതാക്കൾ സന്ദർശനത്തിൽ നിന്ന് പിന്മാറണം എന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ, പ്രവർത്തകരെ പോലീസ് സ്ഥലത്തു നിന്ന് നീക്കി.
അതേസമയം, ഉന്നാവോ പെൺകുട്ടിയുടെ മരണത്തിന് കാരണക്കാർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യയും സാക്ഷി മഹാരാജ് എംപിയും പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്ന ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഇരുവരും വാഗ്ദാനം നൽകി.
പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ടെന്നു പറഞ്ഞ നേതാക്കൾ സംഭവം ഉന്നാവോയുടെ പേരിനെ കളങ്കപ്പെടുത്തിയെന്നും പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു ഉന്നാവോ പെൺകുട്ടിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണു ലക്നോവിൽനിന്നു ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചത്.
കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ചായിരുന്നു സംഭവം. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ൽ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.