മുക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മാങ്കയം മരഞ്ചാട്ടി റോഡിലൂടെ ഇന്നലെ വാഹനങ്ങളിലെത്തിയവർ ആദ്യമൊന്നമ്പരന്നു. വാഹനങ്ങൾ തടഞ്ഞു നിർത്തി ഒരു കൂട്ടം ആളുകൾ വലിയ സ്പാനറുകളും മറ്റുമായി അടുത്തേക്ക് വന്നതോടെ അമ്പരപ്പ് ഭയമായി മാറി…
പിന്നെ റോഡിലെ കുണ്ടും കുഴിയും താണ്ടിയെത്തിയ വാഹനങ്ങളുടെ ചക്രങ്ങളുടെ നട്ടുകൾ മുറുക്കാനും ,ഷോക്ക് അബ്സോർബർ പരിശോധിക്കാനും തുടങ്ങിയതോടെയാണ് ഇത് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ അധികൃതരോടുള്ള പ്രതിഷേധ സമരമാണെന്നു ബോധ്യമായത്.
ഇതിനു പുറമെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ചും , മാതൃകാപരമായ വേറിട്ട സമരമുറകളാണ് ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടു നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തിൽ ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും ഒറ്റക്കെട്ട് തന്നെ.
അത്രയ്ക്ക് ദുസ്സഹമാണ് ഈ റോഡിലൂടെയുള്ള യാത്ര. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മുൻ ജില്ലാ പഞ്ചായത്ത് അംഗം ജോസ് കടമ്പനാട്ട് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മൗനവ്രതവും അനുഷ്ഠിച്ചിരുന്നു.
മഴ പെയ്തതോടെ റോഡിൽ വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. റോഡിലെ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വർഷങ്ങളായി ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡ് നവീകരണം ടെൻഡർ ചെയ്തതായി പറയുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ ഇതുവരെ ചെയ്തിട്ടില്ല.
സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജോസ് കടമ്പനാട്ട്, ജയേഷ് സ്രാമ്പിക്കൽ, ഡോ. മിന്റു മച്ചുകുഴിയിൽ, അഖിൽ ടോം, വിപിൻ തോമസ്, റെജി വടക്കേതടത്തിൽ, സെബാസ്റ്റ്യൻ കടമ്പനാട്ട്, ഡെന്നീസ് ജോസ്, ഡോമിച്ചൻ പാലംകുന്നേൽ, ജോസിൽ മറ്റം, ബിജു മറ്റം, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.