കൊച്ചി: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ. തമിഴ്നാട് കാഞ്ചീപുരം ശങ്കർ നഗർ സ്വദേശി സുബ്ബയ്യ മകൻ വീരകുമാറിനെയാണ് (33) ഇന്ന് രാവിലെ കലൂർ ബസ് സ്റ്റാൻഡിൽനിന്നും എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്.
2014 ൽ ഭാര്യ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ ആയിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു. പ്രതിയെ തമിഴ്നാട് തേനി പോലീസ് തെരഞ്ഞുവരുന്നതിനിടെ നോർത്ത് എസ്ഐ വിബിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എഎസ്ഐ ബോസ്, വിനോദ് കൃഷ്ണ, കെ.ആർ. രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കുറേക്കാലം ചെന്നൈയിൽ താമസിച്ചു. പോലീസ് അന്വഷിക്കുന്ന വിവരം അറിഞ്ഞ് പിന്നീട് ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
തേനിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിലാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണു വിവരം. കൊച്ചിയിലെത്തി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു പ്രതി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ ഇയാൾ ദിവസവും രാവിലെ കലൂർ ബസ് സ്റ്റാൻഡിൽ എത്തുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.
ഇതേത്തുടർന്ന് ഇന്നു രാവിലെ സ്റ്റാൻഡിലെത്തിയ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി തേടിയാണ് ഇയാൾ രാവിലെ കലൂർ സ്റ്റാൻഡിൽ എത്തിയിരുന്നത്. പോലീസ് എത്തിയ വിവരമറിഞ്ഞു സ്കൂട്ടറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തേനിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറാണിതെന്നു പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാളെ ഇന്നുതന്നെ തേനി പോലീസിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.