തൃപ്പൂണിത്തുറ: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. ഉദയംപേരൂർ മീൻകടവിൽ മുണ്ടശേരിൽ ബിനുരാജ്(33) നെയാണ് വീടിനു സമീപത്തുള്ള കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാളെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതി മരണപ്പെട്ടത്. കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ വാതിൽ തകർത്തനിലയിലാണ്. രാത്രി ഏറെ വൈകിയും ബിനുരാജ് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിൽ ബിനുരാജിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: പരേതനായ രാജു, അമ്മ: ചെല്ലമ്മ,സഹോദരൻ: ബിനോദ്, സഹോദരിമാർ: ബീന, ബിന്ദു, പരേതയായ ബിദു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് 2014 ഡിസംബർ നാലിനാണ് വീടിന്റെ ടെറസിന് മുകളിൽ നിന്നിരുന്ന യുവതിയെ വാക്കത്തി കൊണ്ട് ബിനുരാജ് വെട്ടിക്കൊലപ്പെടുത്തിയത്.