കായംകുളം: വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് പൊതുവേദിയില്‍ താന്‍ വിതുമ്പിക്കരഞ്ഞതിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് യു. പ്രതിഭ എംഎല്‍എ. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ആരെയും തെറിവിളിക്കാവുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
രാവിലെ ചീത്തപറഞ്ഞാല്‍ വൈകുന്നേരം ക്ഷമ പറഞ്ഞാല്‍ മതിയെന്നാണ് ഇത്തരക്കാരുടെ ചിന്ത. അഭ്യസ്ത വിദ്യരായ തലമുറയാണ് നമ്മുടെ സമൂഹത്തിലുള്ളത്. അതിനാല്‍ ശരിയായ കാര്യങ്ങള്‍ മനസിലാക്കി നിലപാടെടുക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കണം.
ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ പ്രതികരണമുണ്ടാകും. നടപടിയുണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ കരയേണ്ടിവരും. കമ്യൂണിസ്റ്റായതുകൊണ്ട് കരയാന്‍ പാടില്ലെന്നുണ്ടോ. ഒരു കമ്യൂണിസ്റ്റുകാരിയായ തനിക്ക് കരയാനും പാടില്ലേയെന്നവര് ചോദിച്ചു.
മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കായംകുളം ചേതനയുടെ 11-മാത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതിഭ എംഎല്‍എ മറുപടിയുമായി രംഗത്തെത്തിയത്.
ചില അവസരത്തില്‍ താൻ കരഞ്ഞെന്നുവരും. മനസില്‍ നന്മയുള്ളവര്‍ക്ക് മാത്രമേ യാഥാര്‍ഥ്യങ്ങളോട് സങ്കടപ്പെടാന്‍ കഴിയൂ. സങ്കടമുണ്ടാകുമ്പോള്‍ കരയാന്‍ മാത്രമല്ല പ്രശ്നങ്ങളെ ധീരമായി നേരിടാനുള്ള ചങ്കൂറ്റവും തനിക്കുണ്ട്. നല്ല കമ്യൂണിസ്റ്റുകാരൊക്കെ കരഞ്ഞിട്ടുണ്ട്.
അതെല്ലാം മറ്റുള്ളവരുടെ വേദനയിലാണ്. അല്ലാതെ വെറും കല്ലല്ല താനെന്നും അവര്‍ പറഞ്ഞു. രാമായണ മാസാചരണത്തില്‍ താന്‍ രാമായണം വായിച്ചതും ചിലര്‍ വിവാദമാക്കി. തന്റെ രാമനെയും തന്റെ രാവണനെയും കുറിച്ചാണ് വായിച്ചത്.
അല്ലാതെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാവണനെയും രാമനെയുമല്ല. എല്ലാ മതഗ്രന്ഥങ്ങളും താന്‍ വായിക്കാറുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഇതെല്ലാം ഉള്‍ക്കൊള്ളണം. നമ്മുടെ ജീവിതത്തില്‍ നമുക്ക് എല്ലാവരെയും സഹായിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ ഉപദ്രവിക്കാതിരിക്കാന്‍ മിനിമം ഇടപെടലുകളെങ്കിലുമുണ്ടാകണമെന്നും അതാണ് ദൈവാധീനമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പ്രതിഭാ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴ ജില്ലാ പോലീസിന്റെ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപനം കുറിച്ച് കായംകുളത്ത് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗമധ്യേ ഇവര്‍ വിതുമ്പിയത്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നു വിശ്വസിക്കുന്നയാളാണ് താനെന്നും എന്നാല്‍ വല്ലാതെ സങ്കടം വന്നപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിഭ പറഞ്ഞു.
ഇനി എംഎല്‍എ കരയാന്‍ പാടില്ല. കരഞ്ഞാല്‍ എംഎല്‍എയ്ക്ക് ശക്തിയില്ലെന്ന മറ്റുള്ളവര്‍ പറയും എന്നതരത്തില്‍ ഒരു പെണ്‍കുട്ടിവരെ സോഷ്യല്‍ മീഡിയയിലൂടെ ലൈവായി പ്രതികരിച്ചിരുന്നു. ഇവര്‍ക്ക് ഞാന്‍ നല്കിയ മറുപടി നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചതുകൊണ്ട് ഇനിയും കരയും എന്നാണെന്നും അവര്‍ വ്യക്തമാക്കി.