എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവു ചാടിയ വനിത തടവുകാരെ പോലീസ് പിടികൂടിയത് സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സന്നാഹവുമായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ വകുപ്പിനും സർക്കാരിനും നാണക്കേടായ സംഭവത്തിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന് നന്നേ വിയർപ്പൊഴുക്കേണ്ടി വന്നു.
തുന്പില്ലാതിരുന്ന നിരവധി കേസുകളിലെ പ്രതികളെ പിടികൂടി വൈദഗ്ദ്ധ്യമുള്ള ഫോർട്ട് എസി പ്രതാപൻ നായരെയാണ് ഇവരെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ചത്. സംഭവം നടന്നയുടൻ കൃത്യമായ പ്ലാനിംഗ് ഓടെ തന്നെ എസിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തടവുചാടിയവർ പോകാനിടയുള്ള സകല സ്ഥലങ്ങളും ആദ്യമെ തന്നെ മനസിലാക്കിയ സംഘം തിരുവനന്തപുരം മുതൽ കൊല്ലം വരെ ഇവരെ കണ്ടെത്തുന്നതിന് സകല പോലീസ് സ്റ്റേഷനുകളിലേയ്ക്കും അറിയിപ്പ് നൽകി. ഇതിനു ശേഷം ഇവർ ബന്ധപ്പെടുവാൻ സാധ്യതയുള്ള സകല ആളുകളേയും നിരീക്ഷണത്തിലാക്കുകയും ഇവരുടെ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിൽ ചാടിയത്.
ജയിലിലെ പുറകു വശത്തുള്ള മതിലിനോട് ചേർന്നുള്ള മുരിങ്ങയിൽ കയറി മതിൽ ചാടിയ ഇരുവരും ജയിലിന് സമീപമുള്ള കരിമഠം കോളനിയിലെ വീടുകളോട് ചേർന്നുള്ള വഴിയിലൂടെ മണക്കാട് ഭാഗത്ത് എത്തുകയും അവിടെ നിന്ന് ഒരു ഓട്ടോയിൽ കയറി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുകയും ചെയ്തു. അവിടെ പലരിൽ നിന്നും ഭിക്ഷ ചോദിച്ച് ലഭിച്ച പണവുമായി ബസിൽ അയിരൂരിൽ എത്തി. പൈസ കൈയ്യിൽ ഇല്ലാതിരുന്ന ഇവർ ഇവിടെയുള്ള ആരിൽ നിന്നോ പണം കടംവാങ്ങി. ഇതു ആരിൽ നിന്നു എന്നു കൂടുതൽ ചോദ്യം ചെയ്താലെ അറിയാൻ പറ്റു.
അവിടെ നിന്ന് ഇറങ്ങിയ ഇവർ ഒരു ഓട്ടോയിൽ കൊച്ചു പാരിപ്പള്ളിയിലെത്തി. ഓട്ടോ ഡ്രൈവറുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി രണ്ടു കോളുകൾ വിളിച്ചതാണ് ഇവരെ കണ്ടെത്തുന്നതിന് നിർണായകമായത്. ഈ രണ്ടു നന്പറിൽ ഒന്ന് ഇതിൽ ഒരാളുടെ കാമുകന്റേത് ആയിരുന്നു. ഇയാളുടെ ഫോൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. വാഹനത്തിലിരുന്ന് ഇവരുടെ സംസാരത്തിൽ പന്തികേട് തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ ഇവർ വിളിച്ച ഫോൺ നന്പരിലേയ്ക്ക് വിളിച്ചു ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ജയിൽ ചാടിയവരെന്ന് മനസിലായത്.
ഇയാൾ ഈ വിവരം പോലീസിനെ അറിയിച്ചു. ഈ സമയം ഇവരെ പിടികൂടാൻ പാരിപ്പള്ളിയിലുണ്ടായിരുന്ന സിറ്റി ഷാഡോ ടീമിനും വർക്കല, അയിരൂർ,കല്ലന്പലം ആറ്റിങ്ങൽ എസ്.ഐമാർക്കും ഇവരെക്കുറിച്ചുള്ള വിവരം എ.സി കൈമാറി. പോലീസ് കൊല്ലം ,ആറ്റിങ്ങൽ ഭാഗത്തെ പോക്കറ്റ് റോഡ് മുഴുവൻ പരിശോധന ആരംഭിച്ചതോടെ ഇവർ എവിടെ ഇറങ്ങിയാലും പിടികൂടുമെന്ന അവസ്ഥയായി.
ഇതിനിടെ കൊച്ചുപാരിപ്പള്ളിയിലെ ഒരു സെക്കന്റ് ഹാന്റ് ടു വീലർ കടയിൽ പോയി ടു വീലറിന്റെ വില തിരക്കിയ ശേഷം പോലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ പരവൂർ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷം അവിടെ നിന്നും വീണ്ടും കൊച്ചു പാരിപ്പള്ളിയിലെ ടൂ വീലർ കടയിലെത്തിയ ഇവർ വാഹനം ഓടിച്ചു നോക്കണമെന്ന് ആവശ്യപ്പെട്ടു.
ആ സമയം കടയിൽ ഉണ്ടായിരുന്നത് വാഹന വിൽപനയുമായി വലിയ പരിചയമില്ലാത്ത ഒരു പയ്യനായിരുന്നു. ഇയാളെ കബളിപ്പിച്ച് ഇവർ വാഹനവുമായി മുങ്ങി. ഈ വിവരം കടക്കാർ പോലീസിനെ അറിയിച്ചതോടെ ഇവർ വരാൻ സാധ്യതയുള്ള ശിൽപയുടെ പാങ്ങോടുള്ള വീടിന്റെ പരിസരം പോലീസ് നിരീക്ഷണം ശക്തമാക്കി.
ഇതിനിടെ ഇവർ സ്കൂട്ടറിൽ പോകുന്നത് കണ്ട ഒരു ഓട്ടോ ഡ്രൈവർ ഇവരെ മനസിലാക്കിയതിനാൽ ഓട്ടോയിൽ ഇവരെ പിന്തുടർന്നു. പക്ഷെ ഒരു വിദ്യാലയത്തിനു മുന്നിലെത്തിയപ്പോൾ കുട്ടികൾ കൂട്ടമായി ഇറങ്ങിയപ്പോൾ റോഡ് ബ്ലോക്കായതിനാൽ ഇവർ രക്ഷപെട്ടു. ഈ വിവരം ഇയാൾ പോലീസിനെ അറിയിച്ചു.
ഫോർട്ട് എസ്.ഐ പാലോട് സിഐ, പാങ്ങോട് എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പലസ്ഥലങ്ങളിലായി ക്യാന്പ് ചെയ്തു അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ ശിൽപയുടെ വീടിന്റെ പരിസരത്തു വച്ച് പിടിയിലായത്. ഇവർ ഇങ്ങോട്ടേയ്ക്ക് വരാൻ സാധ്യതയുള്ള വിവരം പോലീസ് നാട്ടുകാരിൽ ചിലരേയും അറിയിച്ചിരുന്നു. നാട്ടുകാരും പോലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു.
ഹെൽമെറ്റ് ധരിക്കാതെയാണ് സ്കൂട്ടറിൽ പാരിപ്പള്ളിയിൽ നിന്ന് പാങ്ങോടുവരെ എത്തിയത്. ബന്ധുവിന്റെ കൈയിൽ നിന്ന് പണം വാങ്ങിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഇവർ ഫോർട്ട് പോലീസ് സ്റ്റേഷനിലാണിപ്പോൾ.
ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ പറ്റുകയുള്ളുവെന്ന് ഫോർട്ട് എസി പ്രതാപൻ നായർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇവർക്ക് പണം കടംവാങ്ങിയത് ആരുടെ കൈയിൽ നിന്നാണെന്നും എത്ര രൂപ വാങ്ങിയെന്നു അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനുണ്ട്. ഇതു കൂടാതെ ഇവർ ഫോൺ വിളിച്ചവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.