തിരുവനന്തപുരം: വട്ടപ്പാറ കല്ലയം കാരമൂട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുതേടി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. നരുവാമൂട് സ്വദേശിയും ടിപ്പർലോറി ഡ്രൈവറുമായ മനോജ് (37) ആണ് അറസ്റ്റിലായത്. കാരമൂട്ടിൽ വാടകക്ക് താമസിച്ച് വരികയായിരുന്ന വിനോദിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിനോദിന്റെ ഭാര്യ രാഖിയെ കേസിൽ പ്രതിയാക്കിയേക്കുമെന്ന് സൂചനയുണ്ട്.
രാഖിയും മനോജും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലി വിനോദും മനോജും തമ്മിൽ നേരത്തെ വാക്കേറ്റം നടന്നിരുന്നു. സംഭവ ദിവസം വിനോദ് വീട്ടിലെത്തിയപ്പോൾ വിനോദിന്റെ ഭാര്യയും മനോജും വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ വിനോദിന്റെ കഴുത്തിൽ കത്തി കൊണ്ട് മനോജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ അന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു.
വിനോദ് സ്വയം കഴുത്ത് മുറിച്ച് മരിച്ചുവെന്നായിരുന്നു ഭാര്യ ആശുപത്രിയിലും പോലീസിലും മൊഴി നൽകിയിരുന്നത്. എന്നാൽ അച്ഛനെ വീട്ടിലുണ്ടായിരുന്ന മനോജ് കുത്തിയെന്ന് വിനോദിന്റെ നാലുവയസുകാരൻ മകൻ പോലീസിൽ മൊഴി നൽകിയിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ വന്നപ്പോൾ, അമ്മയോട് വഴക്കിട്ട് അച്ഛൻ സ്വയം കഴുത്തിന് മുറിവേല്പിക്കുകയായിരുന്നെന്ന് പറയണമെന്ന് കുഞ്ഞുങ്ങളോട് രാഖി പറഞ്ഞു.
അതനുസരിച്ചാണ് നാട്ടുകാരെത്തിയപ്പോൾ അച്ഛൻ സ്വയം കുത്തിയതാണെന്ന് കുട്ടികൾ പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ സംഭവത്തെക്കുറിച്ച് പൊലീസ് കുട്ടികളോട് ചോദിച്ചപ്പോഴാണ് അമ്മയുടെ സുഹൃത്ത് ഉണ്ടായിരുന്നതായും അച്ഛൻ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ അങ്കിൾ മുറ്റത്ത് വന്ന് നോക്കിയ ശേഷം പിറകിലൂടെ പോയെന്നും വിനോദിന്റെ ആറു വയസുള്ള മകൻ മൊഴിനൽകിയത്. ഇതാണ് കേസിൽ നിർണായകമായത്.
കുഞ്ഞിന്റെ മൊഴിയുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ജീവനക്കാരിയായ വിനോദിന്റെ ഭാര്യ രാഖിയെ കല്ലയം പൊന്നറകുന്നിലെ കുടുംബ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തു. രാവിലെ പള്ളിയിൽ പോയി വീട്ടിൽ മടങ്ങിയെത്തിയ ശേഷം തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന മൊഴി രാഖി ആവർത്തിക്കുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് വീട്ടിലുണ്ടായിരുന്നെന്ന് സമ്മതിച്ചത്.
തുടർന്ന് മനോജിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മനോജിനെ റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പറഞ്ഞു. യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം കൊലപാതകമാണെന്ന് നാട്ടുകാർ ഉൾപ്പെടെ സംശയിച്ചിട്ടും പൊലീസ് തുടക്കം മുതൽ ആത്മഹത്യ എന്ന നിഗമനത്തിലായിരുന്നു.
പത്രവാർത്തകളുടെയും ഉന്നത ഉദ്യോഗസ്ഥർക്ക് വിനോദിന്റെ കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ റൂറൽ എസ്.പി ബി. അശോക് സംഭവത്തിൽ നേരിട്ട് ഇടപെടുകയും സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏകോപിപ്പിക്കുകയുമായിരുന്നു.ഇന്ന് പ്രതിയുടെ കസ്റ്റഡി അപേക്ഷ നൽകിയ ശേഷം യുവതിയേയും അടുത്ത ബന്ധം ഉള്ളവരേയും പൊലീസ് ചോദ്യം ചെയ്യും.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മനോജിനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യക്ക് പങ്കുണ്ടൊയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. തിരുവനന്തപുരം റൂറൽ എസ്പി അശോകന്റെ നിർദേശാനുസരണം വട്ടപ്പാറ സിഐ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.