ആലപ്പുഴ: എടത്വയിൽ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലേയും കേസിലെ കൂട്ടുപ്രതിയുടെ അസ്ഥികൂടം തകഴിയിലെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെടുത്ത സംഭവത്തിലേയും മുഖ്യപ്രതി പിടിയിലായത് അഞ്ചുമാസം നീണ്ട പോലീസ് അന്വേഷണത്തിനൊടുവിൽ. കൊലപാതകങ്ങൾക്കു ശേഷം തെളിവുകൾ ഒന്നൊന്നായി നശിപ്പിക്കാൻ പ്രതിക്കു സഹായകമായത് ദൃശ്യം സിനിമയെന്ന് വെളിപ്പെടുത്തൽ. 17 തവണ ദൃശ്യം സിനിമ കണ്ടതായി മോബിൻ പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. ഫോണ് വിളിയടക്കമുള്ളവ ഇതിലേക്ക് വിരൽ ചൂണ്ടുന്നതായാണ് പോലീസ് പറയുന്നത്. നവമാധ്യമങ്ങളിൽ സജീവമായിരുന്ന മോബിൻ മധുവിന്റെ കൊലപാതകത്തിനു ശേഷം ഇതിൽ നിന്നും പൂർണമായും പിൻവാങ്ങി നിൽക്കുകയായിരുന്നു.
കൂട്ടുപ്രതിയായ ലിന്റോയെ സ്വന്തം ഫോണിൽ നിന്നും വിളിച്ചിരുന്നില്ല. വാട്സ്ആപ്പ് കോളുകളും ഇയാളെ ബന്ധപ്പെടാൻ മോബിൻ ഉപയോഗിച്ചിരുന്നു. ഒളിവിലിരിക്കെ ആലപ്പുഴയിലെത്തിയ ലിന്റോ സ്വന്തം ഫോണിൽ നിന്നും വിളിച്ച് സംസാരിച്ച മോബിൻ പിന്നീട് ഫോണ് സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഫോണ് വിളി സംബന്ധിച്ച പരിശോധന നടക്കുന്പോൾ രണ്ടു ടവറുകളുടെ പരിധിയിലാണെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. പ്രധാന പ്രതി തെളിവുകൾ ഓരോന്നായി ഇല്ലാതാക്കുന്പോൾ മറുവശം ഇയാളിലേക്കെത്തിച്ചേരാനുള്ള തെളിവുകൾ കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘം.