കൂത്തുപറമ്പ്: കതിരൂർ നായനാർ റോഡിൽ പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയെ പോലീസ് പിടികൂടി. മലാൽ കുടക്കളത്തെ ആർഎസ്എസ് പ്രവർത്തകനായ കെ.പ്രബേഷി (30)നെയാണ് കതിരൂർ എസ്.ഐ നിജീഷും സംഘവും കോയമ്പത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം ഉണ്ടായത്.
നായനാർ റോഡിൽ പ്രവർത്തിക്കുന്ന പോലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെയാണ് ബോംബേറുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരായ അരുൺ കുമാർ, മഹേഷ് എന്നിവർ എതാനും നിമിഷങ്ങൾക്ക് മുൻപ് വിശ്രമമുറിയിലേക്ക് പോയതിനാലാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് ബോംബെറിഞ്ഞയാളെക്കുറിച്ച് വിവരം ലഭിച്ചത്.
നായനാർ റോഡിന് സമീപ പ്രദേശമായ കുണ്ടുചിറയിൽ നിന്നും ആഴ്ചകൾക്ക് മുൻപ് ബോംബു ശേഖരം കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പോലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. എസ്ഐക്കു പുറമെ സിവിൽ പോലീസ് ഓഫീസർമാരായ ജോഷിത്ത്, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.