എടപ്പാൾ: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിലെ ബാലികയെ ക്രൂരമായി മർദിച്ച കേസിൽ പിടികൂടിയ സിപിഎം നേതാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവൻ (72) ആണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
എടപ്പാളിലെ പട്ടാന്പി റോഡിൽ രാഘവന്റെ ഉടമയിലുള്ള കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയമാണ് ഇവിടെ പഴയ സാധനങ്ങൾ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവൻ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തുണ്ടായിരുന്ന ഇരുന്പു പൈപ്പ് കുട്ടിയുടെ നെറ്റിയിൽ കൊണ്ടു ആഴത്തിൽ മുറിഞ്ഞു.
രക്തമൊലിക്കുന്ന കുട്ടിയെ ഉടനെ പരിസരവാസികൾ ചേർന്നു എടപ്പാളിലെ ഗവ.ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് തൃശൂരിലേക്കു മാറ്റിയത്. കുട്ടിയുടെ പന്ത്രണ്ടുവയസുള്ള സഹോദരിയെ ചൈൽഡ്ലൈൻ അധികൃതരുടെ നിർദേശ പ്രകാരം മലപ്പുറത്തിനടുത്ത പൂക്കോട്ടൂരിലെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
സംഭവമറിഞ്ഞു ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ടതോടെയാണ് ചങ്ങരംകുളം പോലീസെത്തി രാഘവനെ അറസ്റ്റ് ചെയ്തത്. മാരകായുധങ്ങൾ ഉപയോഗിച്ചു ആക്രമിച്ചുവെന്ന വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏറെക്കാലമായി എടപ്പാളിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇതിനിടെ പൊന്നാനി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു.
മർദനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടു ആവശ്യപ്പെട്ടതായി രമേശ്് ചെന്നിത്തല പറഞ്ഞു. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഎം വാർത്താകുറുപ്പിൽ അറിയിച്ചു. എടപ്പാളിൽ സി.രാഘവന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് നിർമ്മാണസാമഗ്രികൾ മോഷണം പോകുന്നത് പതിവായിരുന്നു.
അതിനിടയിലാണ് ആറോളം വരുന്ന നാടോടി സ്ത്രീകളുടെ മോഷണശ്രമം രാഘവൻ നേരിൽ കാണാൻ ഇടയായത്. ഇതുകണ്ട് നാടോടി സ്ത്രീകൾ വേഗത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ പെണ്കുട്ടി വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയുമായിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇട നൽകാതെ മോഷണശ്രമം പിടിക്കപ്പെടുമെന്ന ഭയത്താൽ കുട്ടിയേയും കൊണ്ട് അവർ കടന്നുകളയുകയാണ് ഉണ്ടായത്.
തുടർന്ന് എടപ്പാൾ ഗവ.ഹോസ്പിറ്റലിൽ എത്തിയ ഇവർ ഡോക്ടറോട് നിലത്തു വീണ് പരിക്ക് പറ്റിയതാണ് എന്നാണ് പറഞ്ഞത്. വസ്തുത ഇതായിരിക്കെ യുഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിക്കാൻ വേണ്ടിയുളള ആയുധമായാണ് ഇതുപയോഗിക്കുന്നതെന്നും എടപ്പാൾ ഏരിയാ കമ്മിറ്റി പറഞ്ഞു. അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു ബാലവകാശകമ്മീഷനും അറിയിച്ചു.