തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുവേരി തേറണ്ടിയിലെ എ.കെ.സരിത(32)യെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എന്‍. കെ.സത്യനാഥന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 25 നാണ് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ധന്യമോളുടെ കാഞ്ഞിരങ്ങാട്ടെ വീട്ടില്‍നിന്ന് വീട്ടുവേലക്കാരിയായ പ്രതി സ്വർണാഭരണം മോഷ്ടിച്ചത്. ബെഡ്റൂമിലെ ഷെല്‍ഫില്‍നിന്ന് സ്വര്ണമാലയെടുത്തശേഷം തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ 1,60,000 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു.
സ്വര്‍ണം വിറ്റ പണവുമായി ഭര്‍ത്താവിനോടൊപ്പം കണ്ണൂരില്‍ പോയി പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും സിനിമ കാണുകയും ചെയ്തശേഷം വീരാജ്പേട്ടയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്നു. മെര്‍ക്കാറ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും മറ്റും ഇരുവരും താമസിച്ചതായും പോലീസ് പറഞ്ഞു. ചിട്ടിപ്പണമായി ഒരു ലക്ഷം രൂപ ലഭിച്ചതായാണ് ഭര്‍ത്താവിനോട് സരിത പറഞ്ഞിരുന്നത്. അസുഖമായതിനാല്‍ ജോലിക്കു വരാന്‍ സാധിക്കില്ലെന്ന് ഫോണിലൂടെ അറിയിച്ചശേഷമാണ് സരിത മുങ്ങിയത്.
സ്വര്‍ണം സരിതയാണ് എടുത്തതെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ധന്യമോള് അവരോട് ഒന്നും ചോദിച്ചിരുന്നില്ല. ഇതിനിടയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാതെ വയ്ക്കുകയായിരുന്നു. മോഷണം നടത്തിയതിനുശേഷം ധന്യമോളുടെ വീട്ടില്‍ വരാതിരുന്ന സരിതയെ ഇന്നലെ അങ്ങോട്ടുവിളിച്ച് സുഖമില്ലാത്തതിനാല്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തന്നെ സംശയിക്കുന്നില്ലെന്ന നിഗമനത്തില്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ വലയിലാക്കുന്നത്. പ്രതി പണമിടപാട് നടത്തിയ ആളുകളുമായി ബന്ധപ്പെട്ടശേഷം എല്ലാ പഴുതുകളുമടച്ചായിരുന്നു അറസ്റ്റ്.
എസ്ഐ കെ.പി.ഷൈന്‍, എഎസ്ഐ ശാർങ്ധരന്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ജി.അബ്ദുള്‍റൗഫ്, വി.രാജീവന്, കെ.സ്നേഹേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദു, ഷിജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സരിതയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.