കായംകുളം : ശക്തമായ പോരാട്ടത്തിൽ തുടർ വിജയം നേടിയെങ്കിലും പ്രവർത്തകരെ കാണാനോ ആഹ്ലാദം പങ്കിടാനോ കഴിയാതെ ഹോം ക്വാറന്റൈനിൽ കഴിയുകയാണ് കായംകുളത്ത് വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ യു പ്രതിഭ. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തകഴിയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്.
പ്രവർത്തകർക്കൊപ്പം വിജയാഹ്ലാദം പങ്കിടാൻ കഴിയാത്ത വിഷമം പ്രതിഭ വീഡിയോ പോസ്റ്റിലൂടെ ഫേസ് ബുക്കിലും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.:സഖാക്കളെ ആഘോഷിക്കാൻ അടുത്ത് വരാൻ കഴിയുന്നില്ല.ഒറ്റമുറിയിലാണ് രണ്ടു ദിവസമായി.ഇപ്പഴും അങ്ങനെ തന്നെയാണ് .
ടി വി കാണാനും പറ്റിയില്ല.കായംകുളത്ത് എൽ ഡി എഫ് തോൽക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ചു.എന്നാൽ ആത്മാർത്ഥമായ പ്രവർത്തനത്തിൽ വിജയം കണ്ടു.വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കായംകുളത്തിനൊപ്പം ചേർന്ന് നിൽക്കും.
കോവിഡിനെതിരെ ജാഗ്രത വേണമെന്നും പ്രതിഭ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥി എന്ന വിശേഷണം നൽകി കളത്തിൽ ഇറക്കിയ അരിതബാബുവിലൂടെ അട്ടിമറി വിജയം നേടാമെന്നും മണ്ഡലം തിരികെ പിടിക്കാമെന്നുമുള്ള യു ഡി എഫ് കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയായിരുന്നു പ്രതിഭയുടെ വിജയം .
കഴിഞ്ഞ തവണ 11857 വോട്ടുകൾക്കാണ് പ്രതിഭ വിജയിച്ചത്.ഇത്തവണ ഭൂരിപക്ഷം കൂടുമെന്നായിരുന്നു എൽ ഡി എഫ് കണക്കുകൂട്ടൽ.എന്നാൽ 6298 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.സി പി എം സ്വാധീന മേഖലയായ പത്തിയൂർ ഉൾപ്പടെയുള്ള മേഖലകളിൽ എൽ ഡി എഫിന് വോട്ട് ചോർച്ച ഉണ്ടായി.
യു ഡി എഫ് സ്ഥാനാർഥി അരിത ബാബുവിൻറ്റെ സ്വന്തം ബൂത്തിൽ പക്ഷെ പ്രതിഭ ലീഡ് നേടി.ദേവികുളങ്ങരയിലെ അരിതയുടെ 127 നമ്പർ ബൂത്തിൽ പ്രതിഭ 64 വോട്ടുകളുടെ ലീഡ് നേടി. പ്രതിഭ 227 വോട്ട് നേടിയപ്പോൾ അരിത ബാബുവിന് 163 വോട്ടാണ് ലഭിച്ചത്.
എൻ ഡി എ യുടെ ബി ഡി ജെ എസ് സ്ഥാനാർഥി പ്രദീപ് ലാലിന് 11, 413 വോട്ട് മാത്രമാണ് ലഭിച്ചത്.കഴിഞ്ഞ തവണ ബി ഡി ജെ എസിലെ ഷാജിപണിക്കർ 20000 വോട്ട് നേടിയിരുന്നു.