ആലപ്പുഴ: മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്തതിനു തനിക്ക് നേരിടേണ്ടിവന്നത് സൈബർ ഗുണ്ടായിസമാണെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ. സ്പോർട്സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിരാളികൾ ആഘോഷിച്ചപ്പോൾ കുറച്ചു വ്യാജ സഖാക്കൾ അതിനെ നന്നായി കൊഴുപ്പിച്ചെന്നും അവരെയൊക്കെ സഖാവ് എന്നു സംബോധന ചെയ്യാൻ താൻ അറയ്ക്കുമെന്നും പ്രതിഭ പറഞ്ഞു.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദോഷപരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗാംഗ് അറ്റാക്ക് ഒക്കെ മനസിലാക്കാൻ കഴിയും.
മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്പോർട്സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ചുപേർ ആഘോഷമാക്കിയപ്പോ കുറച്ചു വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ, എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട് (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).
വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്. കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.
നേരത്തെ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാത്ത് ലാബുകളെ സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പ്രതിഭ വിമർശനാത്മകമായി കമന്റ് ചെയ്തിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു. കമന്റ്. ഇതേതുടർന്നാണ് അവർക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നത്.