പാര്‍ട്ടിക്ക് ബന്ധമില്ല, അന്വേഷണം ആലോചിച്ചിട്ടില്ല: സിപിഎം; പ്രതിഭാഹരി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

saji

കായംകുളം: യു. പ്രതിഭാഹരി എംഎല്‍എ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രതികരണം വിവാദമാകുന്നു. കഴിഞ്ഞ  ദിവസം ഒരു പത്രത്തില്‍ ഒരു വനിതാ എംഎല്‍എയുടെ വേഷവിധാനവും പെരുമാറ്റവും സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായെന്നും ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കിയെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കായംകുളം എംഎല്‍എ പ്രതിഭാ ഹരി തന്റെ ഫേസ് ബുക്ക് പേജില്‍ തന്നെ  ആക്ഷേപിക്കു ന്നവര്‍ക്കുള്ള മറുപടി എന്ന തരത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഇതാണ് പുതിയ വിവാദത്തിന്  ഇടനല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലന്നും എന്നാല്‍ ഇതുസംബന്ധമായി അന്വേഷിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സജിചെറിയാന്‍ രാഷ്ട്രദീപികയോട് പറഞ്ഞു

എംഎല്‍എയുടെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ പ്രതികരണം നടത്തിയിട്ടുണ്ട് കൂടാതെ നിരവധിപ്പേര്‍ പോസ്റ്റ് ഇതിനോടകം ഷെയര്‍ചെയ്തിട്ടുമുണ്ട് .പൊതുരംഗത്തെ സ്ത്രീകളെക്കുറിച്ച് പറഞ്ഞ് ചിരിക്കാനും അവരെ ആക്ഷേപിക്കാനും സ്വഭാവഹത്യ നടത്താനും സൂരി നമ്പൂതിരിയുടെ പുത്തന്‍തലമുറ ശുംഭന്മാര്‍ നമുക്കു ചുറ്റുമുണ്ട്.കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതകളുടെ കരച്ചിലിനെ കവിതയെന്നു ചിലര്‍ വിളിക്കുമെന്നുമുള്ള രൂക്ഷമായ പ്രതികരണമാണ് എംഎല്‍എ ഫേസ് ബുക്കിലൂടെ നടത്തിയത്. ഇത്തരം കാമക്കഴുതകള്‍ കരഞ്ഞുകൊണ്ടു ജീവിക്കും. അതൊരു ജന്തുവിധിയാണ്. ഇതാവും വാര്‍ത്തയ്ക്കു പിന്നിലെ വാര്‍ത്തയെന്ന് പ്രതിഭാ ഹരി പ്രതികരിക്കുന്നു

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇതാണ് ….”ഓര്‍ക്കുക വല്ലപ്പോഴും “…. ടോള്‍സ്‌റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. “God sees thet ruth; but  wait..” സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ; രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍ പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ…

കണ്ണുകള്‍ അടച്ച് നിങ്ങളുടെ അമ്മയും, ഭാര്യയും, സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാകും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും കാമക്കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും.

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്നവരാണ് എന്റെ സ്‌നേഹിതര്‍.

കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍ . സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീയുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ?  ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല കണ്ണുനീരിന് രക്തത്തിന്റെ നിറം   രക്തത്തിന്റെ രുചി ഓര്‍ക്കുക വല്ലപ്പോഴും.

കൂടുതല്‍ പ്രതികരണത്തിനില്ല: പ്രതിഭാഹരി എംഎല്‍എ

കായംകുളം: സോഷ്യല്‍ മീഡിയാവഴി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും എന്നാല്‍ കൂടുതല്‍ പ്രതികരണത്തിന് താനില്ലെന്നും പ്രതിഭാഹരി എംഎല്‍എ രാഷ്്ട്രദീപികയോട് പറഞ്ഞു. ഫേസ് ബുക്കിലെ പോസ്റ്റ് എനിയ്ക്ക് പറയാനുള്ള എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതി.

Related posts