സന്തോഷ് പ്രിയൻ
കൊല്ലം: കാക്കിക്കുപ്പായത്തിലെ റാങ്കിന് പത്തരമാറ്റിന്റെ തിളക്കം. പിഎസ്സി ആദ്യമായി നടത്തിയ വനിതാ എസ്ഐ തസ്തികയിലേക്കുള്ള പരീക്ഷയിൽ ആദ്യ റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് കൊല്ലം വനിതാപോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആശ്രാമം ഉളിയക്കോവിൽ വൈദ്യശാലാ നഗർ 34 മംഗലത്ത് വീട്ടിൽ പ്രതിഭാ നായർ. ശാസ്താംകോട്ട സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറായ ധന്യയ്ക്കാണ് രണ്ടാം റാങ്ക്. പോലീസ് സേനയിലുളളവർക്ക് എഴുതാവുന്ന വിഭാഗത്തിൽ പ്രമോഷൻ വഴിയല്ലാതെയാണ് വനിതാ സബ് ഇൻസ്പെക്ടർ സ്ഥാനം പ്രതിഭയെ തേടിയെത്തിയത്.
ജനറൽ തസ്തികയിലേക്കാണ് പിഎസ്സി പരീക്ഷ നടത്തിയത്. തൃശൂർ പോലീസ് അക്കാഡമിയിൽ ഒമ്പതുമാസത്തെ ട്രെയിനിംഗിനും നാലു മാസത്തെ പ്രായോഗിക പരിശീലനത്തിനും ശേഷം ഇവർ ക്രമസമാധാനചുമതലയുള്ള എസ്ഐമാരായി ചുമതലയേൽക്കും. 2007ൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ വനിതാ സിവിൽ പോലീസ് ഓഫീസറായാണ് പ്രതിഭയുടെ ആദ്യനിയമനം. പിന്നീട് 2017 ജനുവരിയിൽ തുടങ്ങിയ പിങ്ക് പോലീസിലും കുറേനാൾ ജോലി നോക്കി.
കഠിനപ്രയത്നത്തിലൂടെയാണ് എസ്ഐ പദവിയിലെത്തിയതെന്ന് അഭിമാനത്തോടെ പ്രതിഭ പറയുന്നു. ഡ്യൂട്ടികഴിഞ്ഞ് എത്തി വീട്ടുജോലിക്കിടെ കണ്ടെത്തിയ സമയത്താണ് എസ്ഐ പരീക്ഷയ്ക്ക് വേണ്ടി പഠനം നടത്തിയത്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല.
പരീക്ഷാഫലം വന്നപ്പോൾ പ്രാർഥനകൾക്കും പ്രയത്നത്തിനും ഫലം കണ്ടെന്നും ഈ മുപ്പത്തിയാറുകാരി പറയുന്നു. കേരള ഗ്രാമീൺ ബാങ്കിലെ ജീവനക്കാരനായ ദേവകുമാർ ആണ് പ്രതിഭയുടെ ഭർത്താവ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളായ ദേവനാരായണനും ദേവനന്ദനുമാണ് മക്കൾ. മൂത്തസഹോദരി ദീപാനായർ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ്.