കായംകുളം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യു. പ്രതിഭ എംഎല്‍എ വിവാദത്തില്‍. ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത്, ആണായാലും പെണ്ണായാലും. എന്നാണ് എംഎല്‍എ പറഞ്ഞത്.
കായംകുളം എംഎല്‍എയായ പ്രതിഭയും ഡിവൈഎഫ്ഐ നേതൃത്വവും തമ്മില്‍ വിഭാഗിയത നിലനിന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം കോവിഡ് കാലത്ത് എംഎല്‍എ ഓഫീസ് പൂട്ടിയിട്ട് വീട്ടിലിരുന്ന പ്രവര്‍ത്തിച്ച പ്രതിഭയുടെ നിലപാടിനെ ഡിവൈഎഫ്ഐ നേതാക്കള്‍ എതിര്‍ത്തിരുന്നു. സോഷ്യല്‍മീഡിയയിലും മറ്റും പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.
കൊവിഡിനേക്കാള്‍ ഭീകരമായ വൈറസുകള്‍ ഉണ്ട്. അവരെ കോവിഡ് കാലം കഴിഞ്ഞ് മാളത്തില്‍ നിന്ന് പുകച്ച് ചാടിക്കേണ്ടതുണ്ട്. എന്നാണ് പ്രതിഭ ഇതിന് മറുപടി നല്‍കിയത്.
ഇതെത്തുടര്‍ന്ന് പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ച് പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു.
തുടര്‍ന്നാണ് എംഎല്‍എ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പ്രതിഭയുടെ പരാമര്‍ശത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി.
എംഎല്‍എ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ ചൂണ്ടിക്കാട്ടി. ഒരു പൊതുപ്രവര്‍ത്തകയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഭയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. പ്രതിഭ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെയും അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതിഭ അവ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി.