ആര്യനാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനികളെ അപമാനിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു.കുളത്തുമ്മൽ മരുതംകോട് കളത്തറത്തല വീട്ടിൽ സുധീൻ (19), മാരാനല്ലൂർ അരുമാന്നൂർ, പുത്തൻ കാവുവിള ദീപു ഭവനിൽ, വിജേഷ് (20) എന്നിവരാണ് പിടിയിലായത്.
പൊൻമുടി സന്ദർശിച്ച ശേഷം തിരികെ ബൈക്കിൽ മടങ്ങുകയായിരുന്ന പ്രതികൾ പള്ളിവേട്ടയിലെ സ്കൂൾ വീട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെ അപമാനപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പേഴുംമൂട് ഭാഗത്തുവച്ചാണ് കുട്ടികളുടെ നേരെ ഇവർ അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
പ്രതികളെ രണ്ടുപേരെയും മലയിൻകീഴ് വച്ച് ആര്യനാട് സിഐ ബി. അനിൽകുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.