കോട്ടയം: നിമയസഭയിൽ പാലായെ അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലായിലുയരുന്നു. പാലാ കൊട്ടാരമറ്റത്തെ നഗരസഭാ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്.
നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 24 നു വൈകന്നേരം അഞ്ചിന് പ്രതിമ നാടിനു സമർപ്പിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെയും കെ.എം. മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
ജനമനസുകളിൽ എന്നും ഓർമയായി നിൽക്കുന്ന കെ.എം. മാണിയുടെ പ്രതിമ അദ്ദേഹത്തോടുള്ള ആദരസൂചകമായി പാലാ നഗരമധ്യത്തിൽ സ്ഥാപിക്കുന്നതിന് നഗര സഭ തീരുമാനമെടുത്തിരുന്നു.
തുടർന്ന് പ്രതിമയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയായിരുന്നു. 8.50 അടി ഉയരമുള്ള പ്രതിമ സിമിന്റിലും മാർബിൾ പൊടിയിലുമാണ് നിർമിച്ചിരിക്കുന്നത്. തഞ്ചാവൂരിലാണ് പ്രതിമ നിർമിച്ചത്.
കെ.എം. മാണി പൊതുവേദിയിലെത്തിയിരുന്ന വെള്ള മുണ്ടും ജുബയും വേഷത്തിലാണ് പ്രതിമയുടെയും നിർമാണം. കെ.എം. മാണിയോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതെന്നു യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയും ജനറൽ സെക്രട്ടറി ബിജു കുന്നേപറന്പിലും പറഞ്ഞു.
കെ.എം.മാണിക്ക് സ്മാരക മന്ദിരം നിർമിക്കാൻ കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ എൽഡിഎഫ് സർക്കാർ നീക്കിവെച്ചിരുന്നു.